
കൂറ്റനാട് : ബിജെപിക്കെതിരെ ഉന്നയിക്കുന്ന ഡീൽ ആരോപണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി മറുപടി നൽകുമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സുരേഷ് ഗോപി. കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയപ്പോൾ കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രധാനമന്ത്രി തിരക്കി. ഡീൽ ആരോപണം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം ഉചിതമായ മറുപടി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മറുപടിക്കായി കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് ഇടതും വലതും ഡീൽ ആരോപണം ഉന്നയിക്കുന്നതെന്നും, ഇത് അവരുടെ പരിതേപനങ്ങളും കൊതിക്കെറുവുമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഡീൽ ആരോപണത്തിലൂടെ, ബിജെപി ഇല്ലാതെ കേരളത്തിൽ ആർക്കും അധികാരത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ തന്നെ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ, ബിജെപി കിംഗ് മേക്കർ ആകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൂറ്റനാട് നടന്ന തൃത്താല എൻഡിഎ സ്ഥാനാർത്ഥി വി ഉണ്ണികൃഷ്ണൻ മാസ്റ്ററിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃത്താലയിൽ എത്തിയത് ഉണ്ണികൃഷ്ണൻ മാസ്റ്ററിനോടുള്ള വ്യക്തിപരമായ അടുപ്പം കൊണ്ടാണെന്നും തൃശ്ശൂരിലെ വിജയത്തിൻ്റെ പിന്നിൽ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങളും സുരേഷ് ഗോപി ഓർമിപ്പിച്ചു. ഇത്തവണ നിയമസഭയിൽ എത്തുന്ന ബിജെപി എംഎൽഎ മാരുടെ സംഘത്തിൽ അദ്ദേഹവും ഉണ്ടാകണമെന്നും സുരേഷ് ഗോപി വോട്ടർമാരോട് ആവശ്യപ്പെട്ടു.
എൻ.ഡി.എ തൃത്താല നിയോജക മണ്ഡലം കൺവീനർ ദിവാകൻ അദ്ധ്യക്ഷനായ ചടങ്ങിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, മുതിർന്ന നേതാക്കളായ വി. രാമൻകുട്ടി, ബി.ജെ.പി പാലക്കാട് വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് വി.ബി മുരളിധരൻ , യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ് , ശിവസേന നേതാവ് നിധീഷ് , ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡൻ്റ് സേതു ആറങ്ങോട്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ കൃഷ്ണദാസ്, എൻ.പി രാജൻ, കെ നാരായണൻകുട്ടി , രതീഷ് തണ്ണീർക്കോട് , തൃത്താലമണ്ഡലം പ്രസിഡൻ്റ് അഡ്വ. കെ.വി. മനോജ് , കപ്പൂർ മണ്ഡലം പ്രസിഡൻ്റ് ദിനേശൻ എറവക്കാട്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.സി കുഞ്ഞൻ, പി.സുന്ദരൻ, മണ്ഡലം ട്രഷറർ എപി വേണുഗോപാൽ, മഹിളമോർച്ച ജില്ലാ കമ്മിറ്റി അംഗം നളിനി അനക്കര പഞ്ചായത്ത് മെമ്പർ വിഷ്ണു, തുടങ്ങിയവർ സന്നിഹിതരായി.