തൃത്താല: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി എം ബി രാജേഷ് രണ്ടാം തവണയും മത്സരിക്കും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി ടി ബൽറാമിനെ പരാജയപ്പെടുത്തിയാണ് എം ബി രാജേഷ് തൃത്താലയിൽ വിജയിച്ചത്.
ഇത്തവണയും തൃത്താലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വി ടി ബൽറാം തന്നെയാണ് മത്സരിക്കാൻ ഒരുങ്ങുന്നത്. അതോടെ മണ്ഡലത്തിൽ വീണ്ടും രാജേഷ്–ബൽറാം പോരാട്ടം ആവർത്തിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ തൃത്താലയിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. അതേസമയം അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ യുഡിഎഫ് മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
സംസ്ഥാനത്താകെ രാഷ്ട്രീയ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് തൃത്താല. ഇത്തവണയും ശക്തമായ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.