ചാലിശ്ശേരിയിൽ പാടശേഖരങ്ങളിൽ നിന്ന് 830 ചാക്ക് നെല്ല് ശേഖരണം തുടങ്ങി


കൂറ്റനാട്: ചാലിശ്ശേരി പഞ്ചായത്ത് പതിനാലാം വാർഡ് തെക്കേക്കര ഹരിത പാടശേഖരത്തിലും പെരുമണ്ണൂർ പാടശേഖരത്തിലും മഴയിൽ നനഞ്ഞ് കിടന്നിരുന്ന നെല്ല് ശേഖരണം ശനിയാഴ്ച ആരംഭിച്ചു. ടോക്കൺ ലഭിച്ച് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും സംഭരണം വൈകിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഈ വിഷയം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് അധികൃതർ ഇടപെട്ട് ശേഖരണം തുടങ്ങിയത്.

മൂന്നാമത്തെ മഴയിലും നനഞ്ഞ നിലയിൽ പാടങ്ങളിൽ കിടന്നിരുന്ന 830 നെല്ല് ചാക്കുകൾ ടാർപായ വിരിച്ച് സംരക്ഷിച്ചിരുന്നെങ്കിലും തുടർച്ചയായ മഴ കർഷകരുടെ ആശങ്ക വർധിപ്പിച്ചിരുന്നു. ഓരോ മഴയ്ക്കും നെല്ല് ഉണക്കാനും സൂക്ഷിക്കാനുമായി ആയിരങ്ങൾ ചെലവഴിക്കേണ്ടിവന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമാക്കി. ഇതിനിടെ, പാടങ്ങളിൽ കിടന്നിരുന്ന ആകെ 830 ചാക്ക് നെല്ലാണ് മില്ലുടമകൾ ശേഖരിക്കാൻ തുടങ്ങിയത്. പെരുമണ്ണൂരിൽ നിന്ന് 280 ചാക്കും ഹരിത പാടശേഖരത്തിൽ നിന്ന് 500 ചാക്കും മൂന്ന് ലോറിയിലായി ആദ്യഘട്ടത്തിൽ കൊണ്ടുപോയി.

വൈകിയെങ്കിലും ശേഖരണം ആരംഭിച്ചതോടെ കർഷകർക്ക് ആശ്വാസമായി. ആറുമാസം കഠിനാധ്വാനം ചെയ്ത് വിളയിച്ച നെല്ല് നശിക്കുമോയെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന കർഷകർക്ക് നടപടി വലിയ ആശ്വാസമായി. അതേസമയം, വീടുകളിലും പറമ്പുകളിലുമായി ശേഷിക്കുന്ന നെല്ല് വേഗത്തിൽ ശേഖരിക്കണമെന്ന ആവശ്യം ശക്തമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം