
ന്യൂഡൽഹി: ടെലികോം കമ്പനികൾ നൽകിവരുന്ന 28 ദിവസത്തെ റീചാർജ് പ്ലാനുകൾ മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ ശക്തമാക്കി. പ്രതിമാസ പ്ലാനുകൾ എന്ന പേരിൽ 28 ദിവസത്തെ വാലിഡിറ്റി നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.
കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ അറിയിച്ചു: ഉപഭോക്താക്കൾക്ക് യഥാർത്ഥ മൂല്യം ഉറപ്പാക്കുന്നതിനായി 30 ദിവസത്തെ പ്ലാനുകൾ നടപ്പാക്കാൻ ടെലികോം ഓപറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്താൻ സർക്കാർ ഗൗരവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റിൽ വിഷയമുയർത്തിയതിന്റെ ഫലമായാണ് നടപടി ഉണ്ടായതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. 2025 ഡിസംബറിലെ വിന്റർ സെഷനിലും 2026 മാർച്ചിലെ ബജറ്റ് സെഷനിലും 28 ദിവസത്തെ പ്ലാനുകൾക്കെതിരെ താൻ ശബ്ദമുയർത്തിയിരുന്നുവെന്നും, സാധാരണക്കാരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അതേസമയം, ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയും ഈ വിഷയത്തെ ലോക്‌സഭയിൽ ഉന്നയിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ന്യായമായ സേവനം ഉറപ്പാക്കുന്നതിനായി ടെലികോം മേഖലയിൽ കൂടുതൽ പരിഷ്കാരങ്ങൾ ആവശ്യമാണ് എന്ന ആവശ്യം ശക്തമാകുകയാണ്.