ഹൈക്കോടതി ഉത്തരവ്; ചാലിശ്ശേരിയിൽ യാക്കോബായ വിശ്വാസികൾ പൂർവ്വികരുടെ കല്ലറകളിൽ പ്രാർത്ഥന നടത്തി


കൂറ്റനാട്: സഭാതർക്കം തുടരുന്ന ചാലിശ്ശേരിയിൽ മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികൾക്ക് മാതൃദേവാലയത്തിലെ സെമിത്തേരിയിൽ പ്രവേശിച്ച് പൂർവ്വികരുടെ കല്ലറകളിൽ ഞായറാഴ്ച പ്രാർത്ഥന നടത്താൻ സാധിച്ചു. ഹൈക്കോടതി നൽകിയ ഉത്തരവ് നടപ്പിലായതോടെയാണ് വിശ്വാസികൾക്ക് ഈ അവസരം ലഭിച്ചത്. സകല മരിച്ചുപോയ വിശ്വാസികളുടെ ഓർമ്മ പുതുക്കുന്ന ദിനമായ ആനീദേ ഞായറാഴ്ച കല്ലറകളിൽ പ്രാർത്ഥന നടത്തുന്നതിനുള്ള അനുമതി തേടി യാക്കോബായ വിഭാഗം സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, ഞായറാഴ്ച സെമിത്തേരിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താനും കല്ലറകൾ വൃത്തിയാക്കാനും സംരക്ഷിക്കാനും പരിപാലിക്കാനും അനുമതി നൽകുകയായിരുന്നു.

ഞായറാഴ്ച രാവിലെ ഇടവകാംഗം വന്ദ്യ ജെക്കബ് കോർഎപ്പിസ്കോപ്പ കുർബ്ബാന അർപ്പിച്ചു. വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്തുമണ്ണിൽ സഹകാർമ്മികനായി. തുടർന്ന് പള്ളിയിൽ പ്രതീകാത്മക കബറിങ്കൽ മരിച്ചവരെ അനുസ്മരിച്ച് വൈദികർ പ്രത്യേക പ്രാർത്ഥന നടത്തി. ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികൾ മാതൃദേവാലയത്തിന്റെ സെമിത്തേരിയിലെത്തി. പള്ളിയിൽ നിന്ന് വാഴ്ത്തിയ വെള്ളം മൺമറഞ്ഞുപോയ മാതാപിതാക്കൾ, സഹോദരങ്ങൾ, കുഞ്ഞുങ്ങൾ എന്നിവരുടെ കല്ലറകളിൽ തെളിയിച്ച് പ്രാർത്ഥന നടത്തി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ കല്ലറകളിൽ പ്രാർത്ഥനക്കായി എത്തിയതോടെ സ്ഥലത്ത് വികാരഭരിതമായ അന്തരീക്ഷമാണ് നിലനിന്നത്.

നിയമപരമായ പ്രാധാന്യം മുൻനിർത്തി ഹൈക്കോടതി നൽകിയ ഉത്തരവ്, മഹാഭൂരിപക്ഷം വരുന്ന വിശ്വാസികൾക്ക് ആനീദേ ദിനത്തിൽ വലിയ ആശ്വാസമായി. എ.ഡി. 1865-ൽ സ്ഥാപിതമായ പള്ളി 2020-ൽ പിടിച്ചെടുത്തതിനുശേഷമാണ് ഓർത്തഡോക്സ് വിഭാഗം സെമിത്തേരി ഇരുമ്പ് വേലികെട്ടി പൂട്ടിയിടാൻ തുടങ്ങിയത്. സംഭവസ്ഥലത്ത് ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും, ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഓഫീസർ എം. മഹേന്ദ്രൻ സിംഹന്റെ നേതൃത്വത്തിൽ പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം