ചാലിശ്ശേരി പൂരം 'പൊടി' പൊടിക്കുമൊ!? ആശങ്കയിൽ പൂര പ്രേമികൾ


പ്രസിദ്ധമായ ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് പൂരാഘോഷം മാർച്ച് ഒന്നിന് (ഞായർ) നടക്കാനിരിക്കെ, പൂരത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ചാലിശ്ശേരി–പട്ടാമ്പി റോഡിലെ നവീകരണ പ്രവർത്തനങ്ങൾ ഭക്തർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടാകുമോയെന്ന ആശങ്ക ശക്തമാകുന്നു. ഫെബ്രുവരി 17ന് പൂരത്തിന് കൂറയിടുന്നതോടെയാണ് ഔദ്യോഗികമായി പൂരാഘോഷ ഒരുക്കങ്ങൾ ആരംഭിക്കുന്നത്.

പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന ഈ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം സെപ്റ്റംബർ 2ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു. തൃശൂർ ജില്ലാതിർത്തിയായ തണത്ര പാലം മുതൽ കൂറ്റനാട് പള്ളി വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും അഴുക്കുചാൽ നിർമാണം പുരോഗമിക്കുകയാണ്.

ചാലിശ്ശേരി ക്ഷേത്ര മൈതാനത്തിന്റെ ചില ഭാഗങ്ങളിൽ, സരസ് മേളയ്ക്ക് ശേഷം റോഡിന്റെ ഒരു വശത്ത് ഏകദേശം മൂന്ന് മീറ്റർ നീളത്തിലും ഒരടി താഴ്ചയിലും മണ്ണ് മാറ്റിയിട്ടുണ്ട്. ഈ ഭാഗം സിമന്റ്–കരിങ്കല്ല് ഉപയോഗിച്ച് മൂടിയശേഷമാണ് അഴുക്കുചാലുകൾക്ക് സ്ലാബുകൾ സ്ഥാപിക്കേണ്ടത്. എന്നാൽ ഇതുവരെ ഈ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. തണത്ര പാലം മുതൽ മൈതാനം അവസാനിക്കുന്ന ഭാഗം വരെ റോഡിന്റെ ഒരു വശം ഇപ്പോഴും മണ്ണ് മാറ്റിയ നിലയിൽ തുടരുകയാണ്. രാത്രിസമയങ്ങളിൽ ഇത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

പൂരത്തലേന്ന് നടക്കുന്ന പൂരവാണിഭ ദിനത്തിലും പൂരദിവസമായ മാർച്ച് ഒന്നിനും ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്ര മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. മൂന്ന് ജില്ലകളിൽ നിന്നായി ഏകദേശം 45 ഗജവീരന്മാർ അണിനിരക്കുന്ന പ്രധാന ഉത്സവമായതിനാൽ, റോഡ് നവീകരണത്തിലെ അനിശ്ചിതത്വം ഗതാഗതത്തെയും സുരക്ഷയെയും ബാധിക്കുമോയെന്ന ആശങ്കയും ശക്തമാണ്.

നാടിന്റെ മഹോത്സവത്തിന് മുമ്പായി കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് നിലവിലുള്ള റോഡ് നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെയും പൂരാഘോഷ സംഘാടക സമിതിയുടെയും ശക്തമായ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം