പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ മരുന്ന് ലഭ്യത ഉറപ്പാക്കാൻ നഗരസഭ 10 ലക്ഷം അനുവദിച്ചു


പട്ടാമ്പി: താലൂക്ക് ആശുപത്രിയിലെ മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിനായി പട്ടാമ്പി നഗരസഭ 10 ലക്ഷം രൂപ അനുവദിച്ചു. ചെയർപേഴ്സൺ ടി.പി. ഷാജിയുടെ അധ്യക്ഷതയിൽ നഗരസഭാ ഹാളിൽ ചേർന്ന ആശുപത്രി മാനേജിങ് കമ്മിറ്റി (HMC) യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രോഗീസൗഹൃദമാക്കുന്നതിനുമുള്ള വിവിധ പദ്ധതികൾക്കും യോഗം രൂപം നൽകി.

ഡയാലിസിസ് സെന്റർ നവീകരണം: ഡയാലിസിസ് സെന്ററിലേക്ക് ആവശ്യമായ ടെലിവിഷനുകൾ വ്യാപാരി–വ്യവസായി പട്ടാമ്പി പ്രതിനിധികൾ വാഗ്ദാനം ചെയ്തതായി ചെയർപേഴ്സൺ അറിയിച്ചു. സെന്ററിൽ കൂടുതൽ മെഷീനുകൾ സ്ഥാപിക്കുന്നതും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് HMC അംഗങ്ങൾ സന്ദർശനം നടത്തി നടപടികൾ സ്വീകരിക്കും.

ഫ്രീസർ സംവിധാനം: ആശുപത്രിയിലെ ഫ്രീസർ സംവിധാനവുമായി ബന്ധപ്പെട്ട പോരായ്മകൾ പരിഹരിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കും.മാലിന്യ സംസ്കരണം: ആശുപത്രിയിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിനായി വെയിസ്റ്റ് റൂമിനായി പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചു.

ഇതിനൊപ്പം, ആശുപത്രിയുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി. സൗകര്യം, ഡിജിറ്റൽ ഹെൽത്ത് സംവിധാനം, ജീവിതശൈലീ രോഗ ക്ലിനിക്കുകൾ, സ്ഥിരം ഹെൽപ്പ് ഡെസ്ക്, ആധുനിക ലബോറട്ടറി നവീകരണം തുടങ്ങിയ നൂതന പദ്ധതികളും യോഗം ചർച്ച ചെയ്തു.

യോഗത്തിൽ വൈസ് ചെയർപേഴ്സൺ അസ്‌ന ഹനീഫ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിതേഷ് മോഴികുന്നം, കൗൺസിലർമാരായ സി. സംഗീത, സുലൈഖ നിസാർ, ആശുപത്രി സൂപ്രണ്ട് ഡോ. ഹരിദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആരോഗ്യ മേഖലയിലെ വലിയ മുന്നേറ്റമാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം