
പട്ടാമ്പി: മേജർ രവിയുടെ സഹോദരനും സിനിമാ അഭിനേതാവുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
ലിവർ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ ഫലം കാണാതായതിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു.
സിനിമാ രംഗത്ത് അഭിനേതാവായും പ്രൊഡക്ഷൻ കണ്ട്രോളറായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. വെട്ടം, കീർത്തിചക്ര, ക്രേസി ഗോപാലൻ, കാണ്ഡഹാർ, കർമ്മയോദ്ധാ, പുലിമുരുകൻ, ഒടിയൻ, 12th മാൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചു. 2022-ൽ പുറത്തിറങ്ങിയ 12th മാൻ ആണ് അവസാനമായി പ്രവർത്തിച്ച ചിത്രം.സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.