പട്ടാമ്പി: പട്ടാമ്പിയിൽ ഗുഡ്സ് ട്രെയിൻ തട്ടി തിരുവേഗപ്പുറ കൈപ്പുറം സ്വദേശിയായ വ്യാപാരി എ.ടി. ഹുസൈൻ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. ഇയാൾ ഗുഡ്സ് ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറയുന്നത്.
പ്രാഥമിക നിഗമനത്തിൽ സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അപകടത്തെ തുടർന്ന് മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നുവെങ്കിലും ബന്ധുക്കളും നാട്ടുകാരും എത്തിയാണ് തിരിച്ചറിഞ്ഞത്. ഹുസൈൻ മാസങ്ങളായി ഡിപ്രഷന് ചികിത്സയിൽ ആയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട മരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്നും പട്ടാമ്പി പൊലീസ് അറിയിച്ചു.
കെ.വി.വി.ഇ.എസ് കൈപ്പുറം യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗവും വെസ്റ്റ് കൈപ്പുറത്ത് ഫാൻസി ഷോപ്പ് ഉടമയുമായിരുന്ന ഹുസൈന്റെ മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
