ബസ്സിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; യുവതി വീഡിയോ പങ്കുവച്ചതോടെ മനംനൊന്ത് യുവാവ് ജീവനൊടുക്കി

കോഴിക്കോട്:ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യൽമീഡിയയിലൂടെ ദൃശ്യം പങ്കുവെച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് ​ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ബസിൽവെച്ച് ദീപക് ലൈം​ഗിക അതിക്രമം കാട്ടിയെന്ന് യുവതി പരാതിപ്പെട്ടിരുന്നു.

ഞായർ രാവിലെയാണ് ​ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവാവെന്നും ദീപകിന്റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിപ്പെട്ടത്. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തിൽ സ്പർശിച്ചെന്ന് വടകര പൊലീസിൽ പരാതിയും നൽകി. ബസിൽനിന്നും യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചു. പിന്നാലെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം