തൃത്താല മണ്ഡലത്തിൽ ഒരു മഴയ്ക്ക് അഞ്ച് കോടി ലിറ്റർ വെള്ളം സംഭരിക്കാനുള്ള സൗകര്യമൊരുക്കിയതായി തദ്ദേശ സ്വയംഭരണ–എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി കൊടിക്കുന്ന് ക്ഷേത്രക്കുളം നവീകരണത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 75 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന കൊടിക്കുന്ന് ക്ഷേത്രക്കുളം ഈ വേനൽക്കാലം തന്നെ പൂർത്തിയാകുമെന്നും, പൈതൃക മൂല്യം കൂടി കണക്കിലെടുത്താണ് രൂപകൽപന തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു കോടി രൂപ ചെലവിൽ നാഗലശ്ശേരിയിലെ മാങ്ങാട്ടുകുളം പുനർനിർമ്മിച്ചതായും, 85 ലക്ഷം രൂപ ചെലവിൽ കപ്പൂരിലെ പ്ലാക്കാട്ടുകുളം നവീകരണം പൂർത്തിയായതായും മന്ത്രി അറിയിച്ചു. ഈ കുളങ്ങൾ പ്രദേശത്തെ ജലസംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നതായും, വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ഇവ കാണാനായി എത്തുന്നതായും മന്ത്രി പറഞ്ഞു. ഈ വലിയ കുളങ്ങൾക്ക് പുറമെ മണ്ഡലത്തിൽ നിരവധി ചെറിയ കുളങ്ങളും നിർമ്മിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി തൃത്താല നിയോജക മണ്ഡലത്തിൽ 110 കാർഷിക കുളങ്ങൾ നിർമ്മിക്കുകയും, 900 ലേറെ വീടുകളിലും സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളിലും കിണർ റീച്ചാർജിങ് നടത്തുകയും ചെയ്തു. 600 ഓളം പുതിയ കിണറുകളും നിർമ്മിച്ചു. 100 ദിവസത്തെ മഴയിലൂടെ ഒരു വർഷം 500 കോടി ലിറ്റർ വെള്ളം സംഭരിക്കാനായതായും, ഭൂഗർഭ ജലനിരപ്പ് 82 സെന്റീമീറ്റർ ഉയർത്താൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തിലും ഓരോ വലിയ കുളം എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
