
തൃശൂർ പന്നിത്തടം സെന്ററിൽ തുടർച്ചയായി രണ്ടാം ദിവസവും ഗുരുതരമായ റോഡ് അപകടം. ബാംഗ്ലൂർ–ഗുരുവായൂർ റൂട്ടിലോടുന്ന കേരള ലൈൻസ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ ആറുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.59നാണ് അപകടം നടന്നത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്ന ബസും കേച്ചേരി ഭാഗത്തുനിന്ന് എത്തിയ മാരുതി എർട്ടിക കാറുമായാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റ ആറുപേരെയും യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകരും അൽ അമീൻ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
പന്നിത്തടം സെന്ററിലെ ട്രാഫിക് സിഗ്നൽ രാവിലെ 7 മുതൽ രാത്രി 11 വരെയാണ് പ്രവർത്തിക്കുന്നത്. സിഗ്നൽ പ്രവർത്തിക്കാത്ത രാത്രി 11 മുതൽ രാവിലെ 7 വരെയുള്ള സമയത്താണ് ഇവിടെ അപകടങ്ങൾ കൂടുതലായി നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പന്നിത്തടം സെന്റർ അപകടങ്ങളുടെ കേന്ദ്രമായി മാറുന്ന സാഹചര്യത്തിൽ ട്രാഫിക് സിഗ്നൽ 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നും, റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു.