ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക്


ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ 'ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരത്തിന്' ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നാളെ കായംകുളത്ത് നടക്കുന്ന കേരളയാത്ര സ്വീകരണ സമ്മേളന വേദിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയിർത്തെഴുന്നേൽപ്പിന് കാന്തപുരം നടത്തിയ സമാനതകളില്ലാത്ത പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക ധർമ്മശാസ്ത്ര ബോധ്യങ്ങളിൽ ഉറച്ചുനിന്നുതന്നെ ഇതര സമുദായങ്ങളുമായി സൗഹൃദപൂർണ്ണമായ സഹവർത്തിത്വം സാധ്യമാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. സ്വന്തം സമുദായത്തിന്റെ അവകാശങ്ങൾക്കായി നിലകൊള്ളുമ്പോഴും ഇതര വിഭാഗങ്ങളെ പരിഗണിക്കുന്ന അദ്ദേഹത്തിന്റെ നിലപാട് സമുദായ നേതാക്കൾക്ക് മാതൃകയാണെന്നും പുരസ്കാര സമിതി വിലയിരുത്തി.

ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് സാമൂഹിക മാറ്റത്തിന് കാന്തപുരം നൽകുന്ന സംഭാവനകളെ ജൂറി പ്രത്യേകം എടുത്തുപറഞ്ഞു. എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗർ ചെയർമാനും, മുൻ രാജ്യസഭാ എം.പി. സി. ഹരിദാസ്, ഡോ. രാജേഷ് കോമത്ത് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

നാളെ കായംകുളത്ത് നടക്കുന്ന ചടങ്ങിൽ അഡ്വ. സി.കെ. വിദ്യാസാഗർ, ഗോകുലം ഗോപാലൻ, അഡ്വ. എസ്. ചന്ദ്രസേനൻ, അഡ്വ. വി.ആർ. അനൂപ് എന്നിവർ ചേർന്ന് പുരസ്കാരം കൈമാറും. ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ സാമുദായിക-രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം