സ്ത്രീകളുടെ ഉത്സവദിനം; ധനുമാസത്തിലെ തിരുവാതിര ഇന്ന്

കേരളത്തനിമയുടെ നൃത്തരൂപമായ കഥകളിക്കും മോഹിനിയാട്ടത്തിനുമൊപ്പം സ്ഥാനമുള്ളതാണ് തിരുവാതിരക്കളി. ഒരു സംഘനൃത്ത രൂപമായതിനാലും ശാസ്ത്രീയമായ ശിക്ഷണം നിര്‍ബന്ധമല്ലാത്തതിനാലും തിരുവാതിരക്കളി മറ്റു കേരളീയ നൃത്യരൂപങ്ങളെക്കാള്‍ ജനകീയവുമാണ്.

ഇന്ന് ആഘോഷ വേളകളിലെല്ലാം ചുറ്റുപാടും കാണുന്ന തിരുവാതിരക്കളി സത്യത്തില്‍ ധനുമാസത്തിലെ തിരുവാതിര വ്രതാചരണവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ്. ഇന്നും നാളെയുമായാണ് ഈ വര്‍ഷത്തെ തിരുവാതിര ആഘോഷം. ശിവപാര്‍വതി സങ്കല്‍പ്പവുമായി ബന്ധപ്പെട്ടതാണ് തിരുവാതിരയുടെ ഐതിഹ്യം. കന്യകമാര്‍ ഇഷ്ടമംഗല്യത്തിനും വിവാഹിതരായ സ്ത്രീകള്‍ ദീര്‍ഘമംഗല്യത്തിനുമായി വ്രതം നോറ്റ് ചുവടുവയ്ക്കുന്ന നൃത്തരൂപമായാണ് തിരുവാതിരക്കളിയുടെ ആവിര്‍ഭാവം. പ്രത്യേകിച്ച് മുദ്രകളോ ഭാവാഭിനയമോ ഒന്നുംതന്നെ ആവശ്യമില്ലാത്ത നൃത്തരൂപം. പാട്ടിന്റെ ഭാവത്തിനനുസരിച്ചാണ് ചുവടുകള്‍, പൊതുവെ ലാസ്യമാണ് പതിവ്.

പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ തപസുചെയ്ത പാര്‍വതി ദേവിയില്‍ പ്രസാദിച്ച മഹാദേവന്‍ ദേവിയെ പാണിഗ്രഹണം ചെയ്തത് തിരുവാതിര നാളിലാണെന്നാണ് ഐതിഹ്യം. ധനുമാസത്തിലെ തിരുവാതിര നാളിലാണ് പരമശിവന്‍ കാമദഹനം നടത്തിയത്. ഇതില്‍ മനംനൊന്ത രതിദേവിയോടൊപ്പം ദേവസ്ത്രീകള്‍ ജലപാനം ഇല്ലാതെ നോമ്പ് നോറ്റെന്നത് മറ്റൊരു ഐതിഹ്യമാണ്. ഗോപസ്ത്രീകള്‍ കാര്‍ത്ത്യായനീ വ്രതമെടുത്ത് ഭഗവാനെ പ്രത്യക്ഷപ്പെടുത്തിയതും ഈ ദിനത്തിലാണത്രെ. അങ്ങനെ എല്ലാംകൊണ്ടും സ്ത്രീകളുടെ ഉത്സവദിനമാണ് ധനുമാസത്തിലെ തിരുവാതിര.

തിരുവാതിരക്കളി കഴിഞ്ഞാല്‍ ഈ ഉത്സവത്തിന്റെ ഏറ്റവും പ്രചാരം നേടിയ പ്രതീകം എട്ടങ്ങാടി നിവേദ്യമാണ്. മകയിരം നാളില്‍ എട്ടങ്ങാടി നിവേദിക്കും. മുറ്റത്ത് ചാണകം മെഴുകി ഉമിത്തീയിട്ട് ചേന, ചെറുകിഴങ്ങ്, കായ എന്നിവ ചുട്ടെടുത്ത് ശര്‍ക്കര, തേങ്ങ, പഴം, കരിമ്പ്, കടല, ചാളം, എള്ള്, വന്‍പയര്‍ എന്നിവ വറുത്തെടുത്ത് എല്ലാം കൂട്ടിയിളക്കി എട്ടങ്ങാടിയാക്കി നേദിക്കും. വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ് എട്ടങ്ങാടി നിവേദിക്കേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം