പാലക്കാട്: മാരക മയക്കുമരുന്നായ എംഡിഎംഎ കടത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. മുഖ്യസൂത്രധാരൻ സൗത്ത് തൃത്താല മാടപാട്ട് പട്ടിക്കര വളപ്പിൽ എം.പി. ജാഫർ സാദിഖ് (34), ഓങ്ങല്ലൂർ കല്ലടിപ്പറ്റ പാറമേൽ ഇല്യാസ് (23), ഓങ്ങല്ലൂർ മണ്ണയിൽ വീട്ടിൽ എം.ഫഹദ് അലവി (30) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പിൻവശത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇല്യാസും ഫഹദ് അലവിയും പിടിയിലായത്. തുടർന്നുള്ള അന്വേഷണത്തിലാണ് ജാഫർ സാദിഖ് പിടിയിലായത്. 2023-ൽ 301 ഗ്രാം എംഡിഎംഎയുമായി തൃത്താലയിൽ പിടിയിലായ ജാഫർ സാദിഖ് ഒന്നരമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയതെന്നു പോലീസ് പറഞ്ഞു. ഇതിനുശേഷവും ലഹരിയിടപാട് തുടരുകയായിരുന്നു.
ഒമാനിൽനിന്ന് ചെന്നൈ വഴിയാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. ഓങ്ങല്ലൂർ, പട്ടാമ്പി മേഖലയിലെ ലഹരിവില്പനയുടെ പ്രധാന കണ്ണികളാണ് മൂവരുമെന്നും പോലീസ് പറഞ്ഞു. ജാഫറിന്റെ നേതൃത്വത്തിൽ സമാനരീതിയിൽ വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിച്ച് വില്പന നടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുകയാണ്.
ഡിവൈഎസ്‌പിമാരായ അബ്ദുൾ മുനീർ, ആർ. മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആദംഖാൻ, സബ് ഇൻസ്പെക്ടർ ഹേമലത എന്നിവരുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ സൗത്ത് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് മയക്കുമരുന്നും കടത്തിയവരെയും പിടികൂടിയത്.
Tags
പാലക്കാട്