ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ (Petroleum products) ജിഎസ്ടി (GST) പരിധിയില്‍ ഉള്‍പ്പടുത്തുന്നത് ആലോചിച്ച് കേന്ദ്ര സർക്കാർ (Central Government). ഇന്ധനവില സകല പരിധിയും വിട്ടുയരുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ലഖ്‌നൗവില്‍ വെള്ളിയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ (GST Council) യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നത് വഴി പെട്രോളിനും ഡീസലിനും വില കുത്തനെ കുറയുമെന്നിരിക്കെ ഈ രണ്ട് ഉത്പന്നങ്ങളൊഴികെ മറ്റേതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നാണ് സംസ്ഥാനത്തിന്റെ വാദം.
കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളും പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിർക്കുന്നുണ്ട്. സമാന അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി കൗണ്‍സില്‍ യോഗത്തിന് മുന്‍പ് കൂടിയാലോചന നടത്താനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേന്ദ്രത്തിനും യോജിപ്പില്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ ഇന്ധനവിലയും അതേത്തുടര്‍ന്നുള്ള വിലക്കയറ്റവും പ്രതിപക്ഷം പ്രധാന പ്രചാരണ വിഷയമാക്കുമെന്നിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.
