പട്ടാമ്പി: താലൂക്കിൽ 3000-ത്തിലധികം അനർഹരായ റേഷൻകാർഡുടമകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് പൊതുവിഭാഗത്തിലേക്ക് മാറി. സർക്കാർ നിശ്ചയിച്ചതുപ്രകാരം സപ്ലൈ ഓഫീസ് അധികൃതരുടെ നേതൃത്വത്തിൽ പരിശോധനയും മറ്റും കർശനമാക്കിയിരുന്നു. തുടർന്നാണ് 3,161 അനർഹരായ കാർഡുടമകൾ പൊതുവിഭാഗത്തിലേക്ക് മാറിയത്.
ഇതിനായി സപ്ലൈ ഓഫീസ് അധികൃതരുടെ പ്രത്യേക സ്ക്വാഡും പ്രവർത്തിച്ചുവരുന്നുണ്ട്. സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നാക്കം നിൽക്കുന്ന എ.എ.വൈ. വിഭാഗക്കാർക്കുള്ള മഞ്ഞകാർഡുടമകളിൽനിന്ന് 126 പേർ പൊതുവിഭാഗത്തിലേക്ക് മാറി. മുൻഗണനയും വിവിധ ആനുകൂല്യങ്ങൾക്കുള്ള അർഹതപ്പെട്ടവരുമായവർക്കുള്ള ചുവപ്പ് കാർഡുടമകളിൽനിന്ന് 1,633 പേരും നീലകാർഡുടമകളായ 1,402 പേരും പൊതുവിഭാഗത്തിലേക്ക് മാറിയതായി സപ്ലൈ ഓഫീസധികൃതർ അറിയിച്ചു.
കൂടുതൽപേരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വീണ്ടും തുടരുമെന്ന് പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസർ വി.ടി. വിനോദ് പറഞ്ഞു. മുൻഗണനാ വിഭാഗത്തിൽ ഒഴിവുവരുന്ന പട്ടികയിലേക്ക് അർഹരെ തിരഞ്ഞെടുക്കുന്ന നടപടികൾക്കും തുടക്കമായി.
