നാടക് പാലക്കാട് ജില്ലാ സമ്മേളനത്തിന് തിരശ്ശീല വീണു


കൂറ്റനാട് വ്യാപാര ഭവനിലും വട്ടേനാട് ജി.എൽ.പി സ്കൂളിലുമായി രണ്ടുദിവസം നടന്ന നാടക് പാലക്കാട് ജില്ലാ സമ്മേളനത്തിന് സമാപനം. പെൺകുട്ടികളുടെ ഇടയ്ക്ക വാദനത്തോടെയാണ് ആദ്യദിനത്തെ പരിപാടികൾക്ക് തുടക്കമായത്. പ്രൊഫ. പി. ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഒരു പുനർവായന’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. എൻ.കെ. ഗീത, ഗീത ജോസഫ്, ബീന ആർ. ചന്ദ്രൻ, ടി.കെ. മഞ്ജു എന്നിവർ പങ്കെടുത്തു. രഘു മാസ്റ്റർ മോഡറേറ്ററായി. ‘നാടക് എന്ന സാംസ്കാരിക മുന്നേറ്റം’ എന്ന വിഷയത്തിൽ എം.പി. രാജേഷ് മാസ്റ്റർ നയിച്ച ചർച്ചയിൽ പീശപ്പിള്ളി രാജീവ്, ശ്രീജ ആറങ്ങോട്ടുകര, രവീന്ദ്രൻ കളറോട്ട് എന്നിവർ പങ്കെടുത്തു.

‘നാടകം തേടി’ എന്ന പേരിൽ സംഘടിപ്പിച്ച നാടകയാത്രയിൽ മേഴത്തൂരിലെ വി.ടി. ഭട്ടതിരിപ്പാടിന്റെ വീട്, പാക്കനാർ കോളനി, കയ്ക്കാത്ത കാഞ്ഞിരമരം, വെള്ളിയാങ്കല്ല് എന്നിവിടങ്ങൾ കുട്ടികളും മുതിർന്നവരും ഉൾപ്പെട്ട സംഘം സന്ദർശിച്ചു. ഡോ. രഞ്ജിത്ത്, രഘു മാസ്റ്റർ, ഗോപാലൻ മാസ്റ്റർ എന്നിവർ ചരിത്ര-സാംസ്കാരിക പ്രാധാന്യം വിശദീകരിച്ചു. വൈകിട്ട് കൂറ്റനാട് ബീറ്റ് റൂട്ട് മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ ‘മധുരം സംഗീതം’ ഗാനസന്ധ്യയും അരങ്ങേറി. രണ്ടാംദിവസം നടന്ന പ്രതിനിധി സമ്മേളനത്തിൽ അട്ടപ്പാടി, പാലക്കാട്, കോങ്ങാട്, ഒറ്റപ്പാലം, നെന്മാറ, പട്ടാമ്പി മേഖലകളിൽ നിന്നായി നൂറിലേറെ പ്രതിനിധികൾ പങ്കെടുത്തു.

നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സി.കെ. ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീരാജ് നടുവത്ത്, സജി തുളസിദാസ്, അരുൺലാൽ, ജില്ലാ സെക്രട്ടറി പി.എൻ. സജിത്ത് കുമാർ, ജില്ലാ ട്രഷറർ അസീസ് പെരിങ്ങോട് എന്നിവർ സംസാരിച്ചു. കെ.ബി. സുധീർ അധ്യക്ഷത വഹിച്ചു. ചർച്ചകൾക്കും മറുപടികൾക്കും ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സജിത്ത് കുമാറിനെ പ്രസിഡന്റായും കെ.ബി. സുധീറിനെ സെക്രട്ടറിയായും അസീസ് പെരിങ്ങോടിനെ ട്രഷററായും തിരഞ്ഞെടുത്തു. 25 അംഗ ജില്ലാ കമ്മിറ്റിയും നിലവിൽ വന്നു.

വൈകിട്ട് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കൂറ്റനാട് ടൗണിൽ നടന്ന നാടക ഘോഷയാത്രയോടെ സമ്മേളനത്തിന് സമാപനച്ചടങ്ങുകൾക്ക് തുടക്കമായി. സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ നയിച്ച ഘോഷയാത്രയിൽ തൃത്താല എം.എൽ.എ വി.ടി. ബൽറാമും എഴുത്തുകാരൻ പി. സുരേന്ദ്രനും പങ്കെടുത്തു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കലവറ ചെയർമാൻ പി. ഗോപാലൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ജെ. ശൈലജ, ശ്രീരാജ് നടുവത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപാഠശാലയുടെ ‘അമ്മയ്ക്കൊരു താരാട്ട്’, കലവറ ചിൽഡ്രൻസ് തിയേറ്ററിന്റെ ‘ക്രസന്റ് മൂൺ’ എന്നീ നാടകങ്ങൾ അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം