കൂറ്റനാട് ടൗൺ വികസനം; സമരത്തിനൊരുങ്ങി സിപിഎം


കൂറ്റനാട്: കൂറ്റനാട് ടൗൺ വികസന പദ്ധതി നടപ്പാക്കുന്നതിൽ നിലവിലെ തൃത്താല എംഎൽഎ വി.ടി ബൽറാമിന്റെ നിസ്സംഗതക്കെതിരെ സമരപരിപാടികളുമായി സിപിഎം തൃത്താല ഏരിയ കമ്മിറ്റി രംഗത്ത്. സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ടൗൺ വികസന പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.

കൂറ്റനാട് ടൗൺ നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലിനും സിവിൽ വർക്കുകൾക്കുമായി 26.8 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. ഇതിൽ 13.8 കോടി രൂപ സിവിൽ വർക്കുകൾക്കും 13 കോടി രൂപ സ്ഥലം ഏറ്റെടുക്കലിനുമാണ് വകയിരുത്തിയത്. റോഡ് വീതി വർധിപ്പിക്കൽ, ഡ്രൈനേജ് സംവിധാനം മെച്ചപ്പെടുത്തൽ, പാർക്കിംഗ് സൗകര്യം, നടപ്പാത തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതി. തൃത്താല നിയോജകമണ്ഡലത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ കൂറ്റനാട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയും ടൗണിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

2022ൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ടൗണുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും തൃത്താല എംഎൽഎയുമായ എം.ബി. രാജേഷിന്റെ ഇടപെടലിലൂടെയാണ് കൂറ്റനാട് ടൗൺ വികസന പദ്ധതിക്ക് ആദ്യമായി അംഗീകാരം ലഭിച്ചത്. ആദ്യ ഉത്തരവിൽ 13.29 കോടി രൂപയായിരുന്നു അനുവദിച്ചത്. തുടർന്നുള്ള ചർച്ചകളും മൂല്യനിർണയവും പരിഗണിച്ചാണ് പദ്ധതിത്തുകയിലും സ്ഥലം ഏറ്റെടുക്കലിനുള്ള വിഹിതത്തിലും വർധന വരുത്തിയത്.

അതേസമയം, സ്ഥലം ഏറ്റെടുക്കുന്നതിനായി നിശ്ചയിച്ച നഷ്ടപരിഹാര തുക വിപണി വിലയ്ക്ക് അനുസൃതമല്ലെന്ന പരാതിയുമായി ഭൂ ഉടമകളും കെട്ടിട ഉടമകളും രംഗത്തുണ്ട്. നഷ്ടപരിഹാര വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി സമവായത്തിലെത്തേണ്ടതുണ്ടെന്നാണ് ഉടമകളുടെ നിലപാട്. പുതിയ ഭരണാനുമതിയോടെ പദ്ധതി നടപ്പാക്കൽ നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷ നിലനിൽക്കുന്നതിനിടെയാണ് സർക്കാർ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പദ്ധതി ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സമരത്തിലേക്ക് നീങ്ങുന്നത്. പദ്ധതിയുടെ തുടർനടപടികളും നഷ്ടപരിഹാര വിഷയത്തിലെ പരിഹാരവും ഇനി നിർണായകമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം