നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി സൗദി തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ദര്‍ബിനടുത്ത് അല്‍ ഹറൈളയില്‍ നിര്യാതനായി. മലപ്പുറം മൂന്നിയൂര്‍ വെളിമുക്ക് ആലങ്ങല്‍ സ്വദേശി കോഴിപ്പറമ്പത്ത് (വാക്കനാട്ടില്‍) പരേതനായ മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുൽ സലാം (41) ആണ് മരിച്ചത്.

രാവിലെ ജോലികഴിഞ്ഞ് മുറിയില്‍ വിശ്രമിക്കുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അല്‍ ഹറൈളയിലെ ബഖാല ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ വിസയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. അടുത്തയാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അബ്ദുൽ സലാം. വിവരമറിഞ്ഞ് ഇദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് ബഷീര്‍ ജിദ്ദയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്.

ദര്‍ബ് കെഎംസിസി ചെയര്‍മാന്‍ സുല്‍ഫിക്കര്‍ വെള്ളിയഞ്ചേരിയുടെ നേതൃത്വത്തില്‍ ജിസാന്‍ കെഎംസിസി വെല്‍ഫെയര്‍ വിങ് പ്രതിനിധികള്‍ മരണാനന്തര നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കി. നിലവില്‍ അല്‍ ഖഹ്‌മ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ തന്നെ ഖബറടക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം