
മലപ്പുറം: നേപ്പാളിൽ തീർഥയാത്രയ്ക്കായി പോയ പൊന്നാനി സ്വദേശികളായ നാലംഗ കുടുംബത്തെ കാണാനില്ല. ഓസ്ട്രേലിയൻ പൗരത്വമുള്ള തൃക്കാവ് സ്വദേശി ശ്രീധരൻ അയ്യരും കുടുംബവുമാണ് മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായത്.
ശ്രീധരൻ അയ്യർ (54), ഭാര്യ ലക്ഷ്മി, മക്കളായ റിഷദ് (24), രുദ്ര (22) എന്നിവരെയാണ് കാണാതായത്. നേപ്പാളിൽ മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി മലയാളികളെ കാണാതായതിന് പിന്നാലെയാണ് പൊന്നാനി സ്വദേശികളായ കുടുംബത്തെക്കുറിച്ചും ആശങ്കാജനകമായ വിവരം പുറത്തുവരുന്നത്.
കഴിഞ്ഞ 21നാണ് കുടുംബം ഓസ്ട്രേലിയയിൽ നിന്ന് കാഠ്മണ്ഡുവിലെത്തിയത്. മിന്നൽ പ്രളയമുണ്ടാകുന്നതിന് ഏകദേശം മൂന്ന് മണിക്കൂർ മുമ്പ് ഇവർ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതിന് ശേഷം കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കുടുംബത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ബന്ധുക്കളും ആശങ്കയിലാണ്.