സഭാതർക്കം നിലനിൽക്കുന്ന ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ യാക്കോബായ കുടുംബത്തിന്റെ കല്ലറയിൽ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹം അനുമതിയില്ലാതെ സംസ്കരിച്ചതായി യാക്കോബായ വിഭാഗം കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അരിമ്പൂർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കുടുംബക്കല്ലറയിൽ കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ട ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട പുലിക്കോട്ടിൽ കുഞ്ഞിപ്പു ഭാര്യ കുഞ്ഞാണിയുടെ മൃതദേഹം ആഗസ്റ്റ് 24ന് തിങ്കളാഴ്ച സംസ്കരിച്ചെന്നാണ് പരാതി.
ഇടവകാംഗമായിരുന്ന അരിമ്പൂർ പരേതനായ ഫാ.ജെയിംസ് ഡേവിഡ് കശീശായുടെയും പള്ളി സെക്രട്ടറി ടൈറ്റസ് ഡേവീഡിൻ്റേയും മാതാപിതാക്കളായ എ.വി ഡേവിഡിനെയും ലില്ലി ഡേവിഡിനെയും നേരത്തെ സംസ്കരിച്ചിരുന്ന കല്ലറയിലാണ് ബന്ധുക്കളുടെ അനുമതിയോ സമ്മതമോ ഇല്ലാതെ ഓർത്തഡോക്സ് വിഭാഗം സംസ്കാരം നടത്തിയതെന്ന് കുടുംബാംഗങ്ങളും യാക്കോബായ വിഭാഗം ഭരണസമിതിയും ആരോപിച്ചു. എ.വി ഡേവിഡിനെ 2011 ഫെബ്രുവരി 18നും ലില്ലി ഡേവിഡിനെ 2022 ഡിസംബർ 19നുമാണ് ഇവിടെ സംസ്കരിച്ചത്.
ബുധനാഴ്ച യാക്കോബായ വിഭാഗത്തിലെ മറ്റൊരു അംഗത്തിന്റെ സംസ്കാരച്ചടങ്ങിനായി സെമിത്തേരിയിലെത്തിയപ്പോഴാണ് കുടുംബവും പള്ളി ഭാരവാഹികളും കല്ലറയിൽ പുതിയ സംസ്കാരം നടത്തിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ കല്ലറ ഉടമ ഇടവക സെക്രട്ടറിയുമായ ടൈറ്റസ് ഡേവിഡ് ബുധനാഴ്ച ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് പരാതി നൽകി. ആഗസ്റ്റ് 15 ന് യാക്കോബായ വിഭാഗത്തിൽ മരണപ്പെട്ട മറ്റൊരംഗത്തിൻ്റെ സംസ്‌കാരത്തിന് സെക്രട്ടറി ടൈറ്റസ് ഡേവിഡ് സെമിത്തേരിയിൽ എത്തിയപ്പോൾ കല്ലറക്ക് മുൻവശം കുരിശ് ഉണ്ടായിരുന്നതായും മന:പൂർവ്വം കുടുംബത്തെ അവഹേളിക്കാനുമാണ് ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പ്രവർത്തനം നടത്തുന്നതെന്നും സെക്രട്ടറി പറഞ്ഞു.
കല്ലറ തുറന്ന് മൃതദേഹം സംസ്കരിക്കുന്നതിനിടെ അഴുകിയ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടായിരുന്നതായി കുഴിയെടുത്ത തൊഴിലാളി അറിയിച്ചിരുന്നുവെന്നും, ഇക്കാര്യം ഓർത്തഡോക്സ് വിഭാഗത്തിലെ കൈസ്ഥാനിമാരിൽ ഒരാളെ അറിയിച്ചിരുന്നതായും എന്നാൽ മറ്റൊരു കൈസ്ഥാനിയും മുൻ സെക്രട്ടറിയും പരേതയുടെ ഭർത്താവുമായ പുലിക്കോട്ടിൽ കുഞ്ഞിപ്പുവും ചേർന്ന് വൈദികന്റെ മാതാപിതാക്കളുടെ കല്ലറയിൽ തന്നെ സംസ്കാരം നടത്താൻ തൊഴിലാളിയോട് നിർബന്ധിച്ചതായും യാക്കോബായ വിഭാഗം ആരോപിച്ചു.
ടൈറ്റസ് ഡേവീഡ് ഇടവകയുടെ ആചാരപ്രകാരം 10,000 രൂപ നൽകി കുടുംബ കല്ലറക്കായി 2012 ൽ വാങ്ങിയിടുള്ളതാണ്. കല്ലറയുടെ നിലവിലെ അവസ്ഥയുടെ ചിത്രങ്ങളും വീഡിയോകളും പൊലീസ് ശേഖരിക്കണമെന്നും കുടുംബത്തിന്റെ അനുമതിയില്ലാതെ തുടർ സംസ്കാരങ്ങളോ കല്ലറയിൽ മാറ്റങ്ങളോ ഉണ്ടാകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും ഇടവക ആവശ്യപ്പെട്ടു. കുടുംബക്കല്ലറയുമായി ബന്ധപ്പെട്ട് അനധികൃത പ്രവേശനം, ഭീഷണിപ്പെടുത്തൽ, രേഖകളിൽ കൃത്രിമം തുടങ്ങിയ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും 2020ലെ കേരള റൈറ്റ് ടു ബറിയൽ ഓഫ് കോർപ്സ് ഇൻ ക്രിസ്റ്റ്യൻ (മലങ്കര ഓർത്തഡോക്സ്-
യാക്കോബായ) സെമിത്തേരി നിയമത്തിന്റെയും ബന്ധപ്പെട്ട കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും, നിലവിലെ കല്ലറയിലുള്ള ഓർത്തഡോകസ് വിഭാഗം വയോധികയുടെ മൃതശരീരം മറ്റൊരിടത്തേക്ക് മാറ്റി അരിമ്പൂർ കുടുംബ കല്ലറ പഴയ രീതിയിൽ നിലനിർത്തണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. 2017 ൽ യാക്കോബായ വിഭാഗത്തിൽപ്പെട്ട പരേതയായ കൊരട്ടിക്കര സ്വദേശി ചെറുവത്തൂർ ജോൺസന്റെ കുടുംബക്കല്ലറ പൊളിച്ചുനീക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിലും കുടുംബം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.
2018ൽ പരേതന്റെ മക്കൾ കുടുംബക്കല്ലറയ്ക്കായി വാങ്ങിയ സ്ഥലത്തുണ്ടായിരുന്ന കല്ലറയാണ് പിന്നീട് പൊളിച്ചുനീക്കിയതെന്ന് ആരോപിച്ച് പരേതൻ്റെ ഭാര്യ 2023 ൽ നവകേരള സദസ്സിലും, മകൻ ജോബി 2024 ഏപ്രിലിൽ ഓർത്തഡോക്സ് വിഭാഗത്തിലെ കുഞ്ഞിപ്പു, മനോജ്, ബാബു എന്നിവർക്കെതിരെ ചാലിശ്ശേരി പൊലീസിലൂം പരാതി നൽകിയിരുന്നു. 2020 ആഗസ്റ്റ് 20ന് മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ പുറത്താക്കി ഓർത്തഡോകസ് വിഭാഗം പള്ളി പിടിച്ചെടുത്തതിന് പിന്നാലെയാണ് സെമിത്തേരിയിൽ ഇരുമ്പുവേലി കെട്ടി പ്രവേശനം നിഷേധിക്കുന്നത്. കൂടാതെ കല്ലറകളുടെ മുൻവശത്ത് വെക്കുന്ന കുരിശുകൾ നീക്കം ചെയ്യുന്നതായും യാക്കോബായ വിഭാഗം ആരോപിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി യാക്കോബായ വിശ്വാസികൾക്ക് പൂർവികരുടെ കല്ലറകളിൽ നേരിട്ട് എത്തി പ്രാർഥിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ചാലിശ്ശേരിയിലുള്ളത്. മറ്റു ഇടവകാംഗങ്ങളുടെ സംസ്കാരച്ചടങ്ങുകളോടനുബന്ധിച്ചാണ് വിശ്വാസികൾ പൂർവ്വീകരുടെ കല്ലറകളിൽ പോയി പ്രാർഥിക്കുന്നത്. സഭാതർക്കം നിലനിൽക്കുന്ന സംസ്ഥാനത്തെ മറ്റു പള്ളികളിലെ സെമിത്തേരികളിൽ വിശ്വാസികൾക്ക് പൂർവികരുടെ കല്ലറകളിലെത്തി പ്രാർഥിക്കുന്നതിന് തടസ്സമില്ല. എന്നാൽ ചാലിശ്ശേരിയിൽ മാത്രമാണ് പ്രവേശനം തടയുന്നത്.
കല്ലറയിലെ മൃതശരീരം മാറ്റിയ സംഭവത്തിൽ ഇടവക, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, എം.എൽ.എ, എം.പി , ജില്ലാ കലക്ടർ, റവന്യൂ ഉദ്യോഗസ്ഥർ, ജില്ലാ പൊലീസ് മേധാവി, വില്ലേജ് ഓഫീസർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്ന്വാ ർത്താ സമ്മേളനത്തിൽ വികാരി ഫാ.അബ്രഹ്രാം യാക്കോബ് പൂവ്വത്ത് മണ്ണിൽ, ട്രസ്റ്റി സി.യു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ പങ്കെടുത്തു.
