പാലക്കാട് റെയിൽവേ ഡിവിഷന് വീണ്ടും തിരിച്ചടി; മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്

പാലക്കാട്: ദക്ഷിണ റെയിൽവേയുടെ പ്രധാന ഡിവിഷനായ പാലക്കാടിനെ വിഭജിച്ച് ഉള്ളാൾ മുതൽ മംഗളൂരു, പനമ്പൂർ ഉൾപ്പെടെയുള്ള മേഖലകൾ മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തി റെയിൽവേ ഉത്തരവിറക്കി. ഒക്ടോബർ ഒന്നുമുതൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരും. മംഗളൂരു മേഖലയിലെ വലിയൊരു ഭാഗം നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നും ഇല്ലാതാകും. ഡിവിഷന്റെ ചരക്കുനീക്ക വരുമാനത്തിന്റെ വലിയ പങ്കും മംഗളൂരു മേഖലയുമായി ബന്ധപ്പെട്ടതാണ്. മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളും പനമ്പൂർ ഗുഡ്‌സ് യാർഡും ഇനി മൈസൂരു ഡിവിഷന്റെ കീഴിലാകും.

ന്യൂ മംഗളൂരു തുറമുഖം, മംഗളൂരു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, ഉഡുപ്പി റിഫൈനറി തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചരക്കുനീക്കവും ഇതോടെ പാലക്കാട് ഡിവിഷന്റെ നിയന്ത്രണത്തിൽ നിന്ന് മാറും. ചെന്നൈ, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നുള്ള ട്രെയിനുകളുടെ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തുന്ന മംഗളൂരു കോച്ച് ഡിപ്പോയും പുതിയ ഡിവിഷനിൽ ഉൾപ്പെടും. പാലക്കാട് ഡിവിഷനെ നേരത്തെ വിഭജിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്. പുതിയ വിഭജനം കേരളത്തിലെ മലബാർ മേഖലയിലെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പുതിയ ട്രെയിൻ സർവീസുകൾ, ഹാൾട്ടുകൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇനി രണ്ട് ഡിവിഷനുകളുടെ അനുമതി ആവശ്യമായി വരുന്നത് നടപടികൾ വൈകിപ്പിക്കാനും ഇടയാക്കും.

കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടുന്നതിനും മംഗളൂരു–കാസർകോട് മേഖലയിലെ പുതിയ സർവീസുകൾക്കും മൈസൂരു ഡിവിഷന്റെ അനുമതി കൂടി ആവശ്യമായി വരും. പാലക്കാട് ഡിവിഷനും കൊങ്കൺ റെയിൽവേയും തമ്മിലുള്ള നിലവിലെ പ്രവർത്തന ബന്ധത്തിലും പുതിയ ക്രമീകരണം മാറ്റം വരുത്തും. പാലക്കാട് ഡിവിഷന്റെ വരുമാനം കുറയുന്നതോടെ ഭാവിയിൽ പുതിയ ട്രെയിനുകളും പാത വികസന പദ്ധതികളും അനുവദിക്കുന്നതിലും കേരളത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം