നിയമസഭ ഉപനേതൃസ്ഥാനം: സിപിഐ കടുപ്പിച്ചു തന്നെ; പിണറായിയുടേത് പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം

നിയമസഭ ഉപനേതൃസ്ഥാനം സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയയന്റെ പരാമരശത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ പരാമര്‍ശം അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കാത്തത്. സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല. രണ്ട് പാർട്ടികളും ചർച്ചയ്ക്കായി മാറ്റിവെച്ച വിഷയമാണത്. തര്‍ക്കവിഷയങ്ങള്‍ തീര്‍ക്കേണ്ടത് ഏകപക്ഷീയമായല്ല. പ്രസ്താവന പിണറായിയുടെ രാഷ്ട്രീയ പക്വതയ്ക്കോ, എൽഡിഎഫിന്റെ സംസ്കാരത്തിനോ നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് സിപിഐഎമ്മില്‍നിന്ന് തന്നെയാകുമെന്നാണ് ഇന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. പ്രതിപക്ഷ ഉപനേതാവ് ആരാണെന്നത് സംബന്ധിച്ച് സ്പീക്കർക്ക് ഒരു കത്ത് കൊടുക്കേണ്ട താമസമേയുള്ളൂ. ആ കത്ത് താനാണ് എഴുതി കൊടുക്കേണ്ടത്. കത്ത് കൊടുത്താൽ ഉപനേതാവ് വരുമെന്നായിരുന്നു പിണറായി പറഞ്ഞത്. 'അത് സിപിഐ നേതാവാണോ സിപിഐഎം നേതാവാണോ' എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, 'ഒരു സംശയവുമില്ല, സിപിഐഎം നേതാവിന്റെ പേരായിരിക്കും' എന്നും പിണറായി കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെയാണ് ബിനോയ് വിശ്വം പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തില്‍നിന്ന് സിപിഐ ഒരു നിലയ്ക്കും പിന്നോട്ടു പോയിരുന്നില്ല. എല്‍ഡിഎഫ് യോഗങ്ങളില്‍ ഉള്‍പ്പെടെ ഇക്കാര്യം സിപിഐ ആവശ്യപ്പെടുകയും ചര്‍ച്ച ചെയ്തതുമാണ്. ഉപനേതൃസ്ഥാനം സിപിഐക്ക് വേണം. അല്ലാത്തപക്ഷം, നിയമസഭയിൽ പാർലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ എൽഡിഎഫിന്റേതായി ഉണ്ടാകില്ല. അതുണ്ടാകണമെങ്കിൽ സിപിഐയുടെ ആവശ്യം പരിഗണിക്കേണ്ടിവരുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട സിപിഐക്കെതിരേ ഘടകക്ഷികളെ ഉപയോഗിച്ച് മോശംകളിക്ക് സിപിഎം ഇറങ്ങിയെന്ന ആരോപണവും ബിനോയ് വിശ്വം ഉയർത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം