
പട്ടാമ്പി: വാഹനപരിശോധനയ്ക്കിടെ 4.18 ഗ്രാം എംഡിഎംഎയുമായി വിളയൂർ സ്വദേശി അറസ്റ്റിൽ. തൃത്താല പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിളയൂർ കണ്ടെങ്കാവ് സ്വദേശി താഴത്തേതിൽ മുഹമ്മദ് റാഫി (40) പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന. ഷോൾഡർ ബാഗിൽ ചെറിയ പൊതികളിലാക്കിയ നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ ബാഗ് വലിച്ചെറിയാനും പ്രതി ശ്രമിച്ചതായി പൊലീസ് അറിയിച്ചു. വിദ്യാർഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി എംഡിഎംഎ എത്തിച്ചതാണെന്ന് പൊലീസ് അറിയിച്ചു. തൃത്താല പൊലീസ് എസ്.ഐ എം.എസ്. സത്യജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കും.