തൃത്താല: മഴ മാറിയാൽ ഉടൻ തന്നെ വെള്ളിയാങ്കല്ല് സംരക്ഷണഭിത്തി നിർമ്മാണം പുനരാരംഭിച്ച് എത്രയും വേഗം പൂർത്തിയാക്കുമെന്ന് വി.ടി. ബൽറാം എംഎൽഎ അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങിയതിനാലാണ് കഴിഞ്ഞ മേയ് മാസത്തിന് മുമ്പ് പദ്ധതി പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിലവിൽ സംരക്ഷണഭിത്തിക്കും സമീപ പ്രദേശങ്ങൾക്കും മണ്ണിടിച്ചിൽ ഭീഷണിയുള്ള സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാർ അധികാരമേറ്റതോടെ കരാറുകാരെ വിളിച്ചുവരുത്തി നിർമ്മാണം ദ്രുതഗതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ശക്തമായ മഴ മൂലം പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി എംഎൽഎ വ്യക്തമാക്കി. നിലവിൽ വലിയ കല്ലുകൾ ഉപയോഗിച്ച് താൽക്കാലിക സംരക്ഷണ സംവിധാനം ഒരുക്കുന്നുണ്ടെന്നും ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ഗതാഗതത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് എംഎൽഎ അഭ്യർഥിച്ചു. മഴ അവസാനിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് സംരക്ഷണഭിത്തിയുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019-20 കാലഘട്ടത്തിൽ താൻ എംഎൽഎയായിരിക്കെ പദ്ധതിക്ക് ഫണ്ട് അനുവദിക്കുകയും ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിരുന്നെങ്കിലും, തുടർന്നുള്ള അഞ്ചു വർഷത്തിനിടെ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നാണ് വസ്തുതയെന്നും വി.ടി. ബൽറാം പറഞ്ഞു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ, വൈസ് പ്രസിഡന്റ് കെ. സുജാത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്തിൽ അലി, പി.വി. മുഹമ്മദ് അലി, പി. മുരളി എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.
