നാട്ടുകാരുടെ സ്ഥലം വിട്ടു നൽകി; മുടങ്ങിയ വട്ടൊളിക്കാവ്–ചാത്തനൂർ–കറുകപുത്തൂർ റോഡിലെ അഴുക്കുചാൽ നിർമ്മാണം പുനരാരംഭിച്ചു


കൂറ്റനാട്: രണ്ടര വർഷത്തിലേറെയായി നവീകരണം നടക്കുന്ന വട്ടൊളിക്കാവ്–ചാത്തനൂർ–കറുകപുത്തൂർ റോഡിൽ വീതിക്കുറവ് മൂലം മുടങ്ങിക്കിടന്ന അഴുക്കുചാൽ നിർമ്മാണത്തിന് ചാത്തനൂർ നിവാസികളുടെ മാതൃകാപരമായ ഇടപെടലോടെ പരിഹാരമായി. റോഡ് വികസനത്തിനായി എട്ട് കുടുംബങ്ങൾ സൗജന്യമായി സ്ഥലം വിട്ടുനൽകാനും മതിലുകൾ പൊളിച്ചുനീക്കാനും തയ്യാറായതോടെയാണ് നിർമ്മാണം വീണ്ടും ആരംഭിച്ചത്.

ചാത്തനൂർ ഹൈസ്കൂൾ റോഡ് ജംഗ്ഷൻ മുതൽ ചാത്തനൂർ എൽ.പി. സ്കൂൾ പരിസരം വരെയുള്ള ഭാഗത്ത് റോഡിന്റെ വീതി കുറവായതിനാൽ അഴുക്കുചാൽ നിർമ്മാണം സാധ്യമല്ലെന്ന നിലപാടിലായിരുന്നു പൊതുമരാമത്ത് വകുപ്പ്. ആവശ്യമായ സ്ഥലം ലഭിച്ചാൽ മാത്രമേ നിർമ്മാണം പൂർത്തിയാക്കാനാകൂവെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ചർച്ച നടത്തി സ്ഥലം വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും ഇടുങ്ങിയ ഭാഗമായതിനാൽ ഇരുവശത്തും അഴുക്കുചാൽ നിർമ്മിക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിലായിരുന്നു. ഇതോടെ ഒരു ഭാഗത്തെങ്കിലും ചാൽ നിർമ്മിക്കാൻ വഴിയൊരുങ്ങി. പൊളിച്ചുമാറ്റിയ മതിലുകളും മറ്റ് നിർമ്മിതികളും അതത് ഉടമകൾ സ്വന്തം ചെലവിൽ പുനർനിർമിക്കുമെന്നും അറിയിച്ചു. നാടിന്റെ വികസനത്തിനായി നാട്ടുകാർ കാട്ടിയ സഹകരണം മാതൃകാപരമാണെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.

അതേസമയം, ചാത്തനൂർ ഹൈസ്കൂൾ റോഡ് ജംഗ്ഷനിലെ ട്രാൻസ്ഫോർമർ അഴുക്കുചാൽ നിർമ്മാണത്തിന് ഇപ്പോഴും തടസ്സമായി തുടരുകയാണ്. സ്ഥലപരിമിതി കാരണം ഇത് ഉടൻ മാറ്റാൻ കഴിയാത്ത സാഹചര്യമാണ്. കൂടാതെ, ഹൈസ്കൂൾ റോഡ് ജംഗ്ഷനിലെ വെള്ളക്കെട്ട് ശാശ്വതമായി ഒഴിവാക്കാൻ അവിടെ ഒരു ഓവുപാലം കൂടി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം