
കാലവർഷം ശക്തമായി തുടരുകയും നെല്ലിയാമ്പതി ചുരം റോഡിൽ കനത്ത പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ കലക്ടറുമായ കെ. സുധീർ കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ട ചുരം റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും വീണ്ടും അപകടസാധ്യത നിലനിൽക്കുന്നതിനാലാണ് പുതിയ ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നെല്ലിയാമ്പതി പ്രദേശവാസികളുടെ അത്യാവശ്യ യാത്രകൾ ഒഴികെ പുറത്തുനിന്നുള്ളവർക്ക് ചുരത്തിലൂടെയുള്ള പ്രവേശനം പൂർണമായും നിരോധിച്ചു. വിനോദസഞ്ചാര ആവശ്യങ്ങൾക്കായുള്ള എല്ലാ യാത്രകളും ചുരം വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല.
കൂടാതെ, പ്രദേശവാസികളുടെ അത്യാവശ്യ യാത്രകൾക്കും അടിയന്തര വൈദ്യസഹായ ആവശ്യങ്ങൾക്കുമുള്ള വാഹനങ്ങൾ ഒഴികെ എല്ലാ വാഹനങ്ങൾക്കും വൈകിട്ട് 6 മുതൽ രാവിലെ 6 വരെ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.