
വിദ്യാലയത്തിലെ നാല് പെൺകുട്ടികളാണ് തങ്ങൾ ഓമനിച്ച് വളർത്തിയ മുടി കാൻസർ രോഗികൾക്ക് വേണ്ടി മുറിച്ച് ദാനം ചെയ്തത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ സൻഹ ഫാത്തിമ, ഫാരിജ, ഫാത്തിമ ഷിഹ, അദ്‌വിക എന്നിവരാണ് തങ്ങൾ ഓമനിച്ച് വളർത്തിയ മുടി ദാനം ചെയ്യാൻ തയ്യാറായി മുന്നോട്ട് വന്നവർ.ഈ കൂട്ടുകാരികൾക്കൊപ്പം പൂർവ്വ വിദ്യാത്ഥിയായ ഹിബ നസ്‌റിനും തൻ്റെ മുടിദാനം ചെയ്തു കൊണ്ട് മാതൃകയായി. രണ്ട് വർഷം മുമ്പ് ഈ വിദ്യാലയത്തിലെ നാല് വിദ്യാർത്ഥികളും കഴിഞ്ഞ വർഷം ആറ് വിദ്യാർത്ഥികളും ഒരു അധ്യാപികയും കാൻസർ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്തിരുന്നു. അതിൻ്റെ പ്രചോദനം ഉൾക്കൊണ്ടാണ് കഴിഞ്ഞ ദിവസം നാല് കൂട്ടുകാരികൾ നൻമ നിറഞ്ഞ പ്രവൃത്തി ചെയ്യാൻ തയ്യാറായി വന്നത്. കാൻസർ രോഗികളുടെ പുനരധിവാസത്തിന് വേണ്ടി തൃശൂർ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന പുനർജ്ജനി എന്ന സംഘടനയുമായി സഹകരിച്ചാണ് കേശദാനം പരിപാടി സ്‌കൂളിൽ സംഘടിപ്പിച്ചത്. അർബുദത്തിൻ്റെ പിടിയിൽ അകപെട്ട് മുടി കൊഴിഞ്ഞ് മാനസിക പ്രയാസത്തിൽ പെട്ടവരെ ചേർത്തുപിടിക്കുവാൻ യാതൊരു പരപ്രേരണയുമില്ലാതെയാണ് ഇവർ കേശദാനത്തിന് തയ്യാറായത്. പ്രധാനധ്യാപകൻ എം.താഹിർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് MTA അബ്ദുൽ നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.എം രമ, ശ്രീദേവി, ജാസിറ, അർച്ചന, സംഗീത, ശ്രീലത എന്നിവർ സംസാരിച്ചു.