വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട എംഎസ്‌സിക്ക് 49 ശതമാനം ഓഹരി കൈമാറുന്ന വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറി അദാനി ഗ്രൂപ്പ്. ഓഹരി കൈമാറ്റത്തിൽ ഇതുവരെ അന്തിമ ധാരണയായിട്ടില്ലെന്നും, സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും കമ്പനി അറിയിച്ചു. നേരത്തെ സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം പുതിയ വിശദാംശങ്ങളും പരിഗണിക്കണമെന്ന ആവശ്യവും സർക്കാരിന് നൽകിയ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് എംഎസ്‌സിയുമായി ധാരണയായെന്നും ആവശ്യമായ അനുമതികൾ ലഭിച്ചെന്നുമായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെയുണ്ടായ പ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വിശദീകരണത്തിന്റെ ഭാഗമായാണ് പുതിയ വിവരങ്ങൾ കൈമാറിയിരിക്കുന്നത്.
സർക്കാരുമായി ആലോചിക്കാതെയാണ് വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ എംഎസ്‌സിയുടെ നിക്ഷേപ പ്രഖ്യാപനം നടന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വിമർശിച്ചിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൺസഷൻ കരാറിലെ ഓഹരി ഘടനയിൽ മാറ്റം വരുത്താനാവില്ലെന്നും, കരാറിലെ വ്യവസ്ഥകൾ വിശദമായി പരിശോധിച്ച ശേഷമേ സർക്കാർ തുടർനിലപാട് സ്വീകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന്റെ നടപടികൾ അനുവദിക്കരുതെന്ന് കോൺഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിനെ അറിയിക്കാതെയുള്ള നീക്കം കരാർ ലംഘനമാണെന്നും, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പൂർണ സുതാര്യതയോടെയാകണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടു.
അദാനി പോർട്ട്സിന് കീഴിലുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ എംഎസ്‌സി ഗ്രൂപ്പിന്റെ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ 'മുണ്ടി ലിമിറ്റഡിന്' കൈമാറുന്ന ഇടപാടാണ് പരിഗണനയിലുള്ളത്. ഏകദേശം ₹13,270 കോടി രൂപ മൂല്യമുള്ള ഈ ഇടപാട് സംബന്ധിച്ച വിവരങ്ങൾ അദാനി ഗ്രൂപ്പ് നേരത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ റിപ്പോർട്ടിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന പുതിയ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാകും സംസ്ഥാന സർക്കാർ ഓഹരി കൈമാറ്റ വിഷയത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.
