ജൽ ജീവൻ മിഷൻ രണ്ടാം ഘട്ട പ്രവർത്തനം : 53 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായി

കപ്പൂർ, ആനക്കര, പട്ടിത്തറ പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിപൂർണ്ണ പരിഹാരം കാണുന്നതാണ് പദ്ധതി. നടത്തിപ്പുമായി ബന്ധപ്പെട്ട് ജൽ ജീവൻ മിഷൻ ഉന്നതതല ഉദ്യോഗസ്ഥ സംഘം കപ്പൂർ പഞ്ചായത്ത് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. തൃത്താല വെള്ളിയാങ്കല്ലിന് സമീപം പുതിയ കിണർ നിർമ്മിച്ച് ജല ശുദ്ധീകരണത്തിനായി പട്ടിത്തറ പഞ്ചായത്തിലെ കുണ്ടുകാടിന് സമീപം പ്ലാൻ്റ് സ്ഥാപിക്കും. പിന്നീട് കുഴൽ വഴി കപ്പൂർ പഞ്ചായത്തിലെ പറക്കുളത്തും, ആനക്കര പഞ്ചായത്തിലെ പൊന്നത്താൻ നിരയിലും നിർമ്മിക്കുന്ന ജല സംഭണികളിൽ എത്തിച്ച് വിതരണം ചെയ്യും.

 കൂറ്റൻ ജല സംഭരണികൾക്ക് പുറമെ മോട്ടോർ പമ്പുകൾ, പ്രത്യേക ട്രാൻസ്ഫോർമറുകൾ, സ്ഥാപിക്കലും അനുബന്ധ ജോലികളും ഉൾപ്പെടുന്നു. നാഷണൽ വാഷ് എക്സ്പേർട്ട് സൗമേന്ദ്ര രാജൻ ഗാംഗുലി, പാലക്കാട് ഡിവിഷൻ പ്രൊജക്ട് ഓഫീസർ ഷബീറലി, വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനിയർമാരായ ശ്യാംജിത്, ഷാംലാൽ, ഷൊർണൂർ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എൻ.പി സന്ദീപ് കുമാർ, പ്രൊജക്ട് കോ-ഓർഡിനേറ്റർ സന്തോഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ, ഉപാധ്യക്ഷൻ പി.രാജീവ്, അലി കുമരനല്ലൂർ, ഷരീഫ് അന്നിക്കര, കെ.നൂറുൽ അമീൻ, ഷിഹാബ് കൊള്ളുന്നുർ, എം.എം അഷ്റഫ് തുടങ്ങിയ ജനപ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. ജൽ ജീവൻ മിഷൻ രണ്ടാം ഘട്ടം പൂർത്തിയാവുന്നതോടെ കപ്പൂർ, ആനക്കര, പട്ടിത്തറ പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിപൂർണ്ണ പരിഹാരമാകുമെന്ന് വി.ടി ബൽറാം എം.എൽ.എ പറഞ്ഞു. നിലവിൽ ആഴ്ചയിൽ ജലവിതരണം 3 ദിവസമാണ്. പദ്ധതി നടപ്പാക്കുന്നതോടെ എല്ലാ ദിവസവും ഗുണഭോക്താക്കൾക്ക് ജലം ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം