പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാൻ കർശന മാനദണ്ഡവുമായി മുസ്‌ലിം ലീഗ്‌; മന്ത്രിമാരുടെ SPSമാരായി പാർട്ടി നേതാക്കൾ

മലപ്പുറം: പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ മന്ത്രിമാർക്ക് കർശന മാനദണ്ഡങ്ങളുമായി മുസ്‌ലിം ലീഗ്. നേതൃത്വത്തിന്റെ അറിവോടെയല്ലാതെ മന്ത്രിമാർ പേഴ്‌സണൽ സ്റ്റാഫ് നിയമനം നടത്തരുതെന്നാണ് നിർദ്ദേശം.പാർട്ടിയുടെ കീഴ്‌ഘടങ്ങളിൽ നിന്നുള്ള അംഗീകാരപത്രം ഇല്ലാത്തവരെ പരിഗണിക്കരുതെന്നും നിർദ്ദേശമുണ്ട്. അർഹരായ പാർട്ടി പ്രവർത്തകരെ മാറ്റി മന്ത്രിമാർ തന്നിഷ്ട് പ്രകാരം നിയമനം നടത്തരുതെന്നും ലീ​ഗ് നേതൃത്വം നി‍ർദ്ദേശം നൽകിയിട്ടുണ്ട്. പാർട്ടിക്ക് മന്ത്രിമാരും എംഎൽഎ മാരും ഇല്ലാത്ത ജില്ലകൾക്ക് പ്രാതിനിധ്യം നൽകണമെന്നും നിർദ്ദേശമുണ്ട്.

പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനുള്ള മാനദണ്ഡം തയ്യാറാക്കാനായി പിഎംഎ സലാമിനെയും, പാണക്കാട് റഷീദ് അലി തങ്ങളെയും പാർട്ടി ചുമതലപ്പെടുത്തി. പേഴ്‌സണൽ സ്റ്റാഫ് അംഗമാകാൻ ആഗ്രഹിക്കുന്നവർ പഞ്ചായത്ത് മണ്ഡലം കമ്മറ്റികളുടെ അംഗീകാര പത്രം ഹാജരാക്കണമെന്നാണ് തീരുമാനം. ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് ആകാൻ നിരവധി അപേക്ഷകൾ വരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഡപ്യുട്ടേഷൻ തസ്തികകളിൽ പാർട്ടി അനുകൂല സർവീസ് സംഘടനകളുടെ പട്ടിക പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്.

മുസ്ലീം ലീഗിൻറെ അഞ്ച് മന്ത്രിമാരുടെ ഓഫീസിലും പാർട്ടി നേതാക്കളെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിമാരാക്കാനും തീരുമാനമുണ്ട്. മന്ത്രിമാരുടെ താത്പര്യത്തിൻ്റെ കൂടി അടിസ്ഥാനത്തിലാവും സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിക്കുക. പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻറെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ലീഗ് കൊല്ലം ജില്ല ജനറൽ സെക്രട്ടറി സുൽഫിക്കർ സലാമിനെ നിയമിക്കും. മലപ്പുറം ജില്ല സെക്രട്ടറി കെ എം ഗഫൂർ കെ എം ഷാജിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാകും. എ കെ മുസ്‌തഫ പി കെ കുഞ്ഞാലിക്കുട്ടിയുടെയോ അബ്ദുൽ ഗഫൂറിൻ്റെയോ ഓഫീസിൽ എത്തും. എംഎസ്എഫ് ദേശീയ പ്രസിഡൻ്റ് അഹമ്മദ് സാജു, അബ്‌ദുറഹ്മാൻ ഹുദവി എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം