കെ.എം.പി.യു പാലക്കാട് ജില്ലാ ജനറൽബോഡിയും മെമ്പർഷിപ്പ് സ്വീകരിക്കലും സംഘടിപ്പിച്ചു


കൂറ്റനാട്: പത്ര, ദൃശ്യ, ഡിജിറ്റൽ മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) പാലക്കാട് ജില്ലാ കമ്മിറ്റി ജനറൽബോഡി യോഗവും മെമ്പർഷിപ്പ് സ്വീകരിക്കലും കൂറ്റനാട് പ്രസ്സ് ക്ലബ് ഹാളിൽ സംഘടിപ്പിച്ചു.

യോഗത്തിന് തുടക്കമായി തൃശൂർ ജില്ലാ സെക്രട്ടറി എം.എൻ. ഹരികുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മൗന പ്രാർത്ഥന നടത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. സെയ്ദ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് സംഘടനയിൽ പുതുതായി ചേർന്ന അംഗങ്ങളുടെ മെമ്പർഷിപ്പ് ഫോമുകൾ ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശേരിയിൽ നിന്ന് സംസ്ഥാന സമിതി അംഗം എ.സി. ഗീവർ ചാലിശ്ശേരി ഏറ്റുവാങ്ങി. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും അംഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളെയും കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.

ജില്ലാതല പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനും ജൂൺ മാസാവസാനം ക്ഷേമനിധി ക്യാമ്പയിൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന സമിതി അംഗം പ്രേമദാസ് പിടാവന്നൂർ, രക്ഷാധികാരികളായ സി. മൂസ പെരിങ്ങോട്, വീരാവുണ്ണി മുള്ളത്ത്, പട്ടാമ്പി മേഖല പ്രസിഡന്റ് എസ്.എം. അൻവർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇസ്മായിൽ പെരുമണ്ണൂർ, മുഹമ്മദ് റഹീസ്, മേഖല കമ്മിറ്റി ഭാരവാഹികളായ മധു കൂറ്റനാട്, ശിവപ്രസാദ്, ഉമാശങ്കർ എഴുമങ്ങാട്, സി.വി. മുസ്തഫ, ബാബു ആനക്കര എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശേരി സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം വി. രഘുകുമാർ നന്ദിയും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം