തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തത് എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനത്തെ പ്രതിസന്ധിയിലാക്കുന്നു. മുൻ സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് ഈ വെള്ളിയാഴ്ച (മെയ് 15) ഫലം പുറത്തുവരേണ്ടതുണ്ടെങ്കിലും, ആര് ഫലം പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല. മൂല്യനിർണ്ണയവും ടാബുലേഷൻ നടപടികളും പൂർത്തിയായ സാഹചര്യത്തിൽ പരീക്ഷാ ബോർഡ് ബുധനാഴ്ച യോഗം ചേരും. ഫലത്തിന് അന്തിമ അംഗീകാരം നൽകാനാണ് യോഗം വിളിച്ചിരിക്കുന്നത്. പരീക്ഷാ ഭവൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെങ്കിലും ഭരണതലത്തിലെ അനിശ്ചിതത്വം ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നുണ്ട്.
സാധാരണഗതിയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. എന്നാൽ നിലവിൽ മന്ത്രിയില്ലാത്ത സാഹചര്യത്തിൽ മറ്റ് സാധ്യതകളാണ് പരിഗണനയിലുള്ളത്. 2021-ലെ തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണയും ഈ മാതൃക പിന്തുടർന്നേക്കാം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ. വാസുകി മാറിയ സാഹചര്യത്തിൽ ഷർമിള മേരി ജോസഫിനാണ് നിലവിൽ ചുമതല. ഇവർക്കോ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷിനോ ഫലപ്രഖ്യാപനം നടത്താവുന്നതാണ്.
സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള കേന്ദ്ര ബോർഡുകൾ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. ഉപരിപഠനത്തിന് കാലതാമസം വരാതിരിക്കാൻ നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കണം എന്ന് എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും തമ്മിലുള്ള ഔദ്യോഗിക കൂടിയാലോചനകൾ ഇതുവരെ നടക്കാത്തതാണ് നിലവിലെ ആശയക്കുഴപ്പത്തിന് കാരണം. വെള്ളിയാഴ്ച തന്നെ ഫലം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും, സർക്കാർ തലത്തിലുള്ള പ്രത്യേക നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ് പരീക്ഷാ ഭവൻ.
