തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയിൽ അവ്യക്തതയില്ലെന്ന് ഗതാഗതമന്ത്രി സി. പി. ജോൺ വ്യക്തമാക്കി. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നും പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പഠനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി എംഡിയുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും ജീവനക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളി യൂണിയനുകളുമായി യാതൊരു തർക്കവുമില്ലെന്നും പ്രൈവറ്റ് ബസ് ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ബസ് തൊഴിലാളികളുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ ഏകദേശം 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ 57 കോടി രൂപയുടെ ബാധ്യത സർക്കാരിന് വരുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ യുഡിഎഫിന്റെ പ്രധാന ഗ്യാരൻറികളിലൊന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വി . ഡി . സതീശൻ ജൂൺ 15 മുതൽ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
