
സംസ്ഥാനത്ത് സാധാരണ മണ്ണിന്റെ ഖനനവും നീക്കവുമായി ബന്ധപ്പെട്ട് ഗുരുതരമായ ചട്ടലംഘനങ്ങളും ക്രമക്കേടുകളും അഴിമതികളും വ്യാപകമായി നടന്നുവരുന്നുവെന്ന് വിജിലന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്. ന്റെ നിര്‍ദ്ദേശപ്രകാരം ''ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്'' എന്ന പേരില്‍ ഇന്ന് (20.04.2026) രാവിലെ 10.30 മുതല്‍ സംസ്ഥാനതലത്തില്‍ ഒരു മിന്നല്‍ പരിശോധന നടത്തിവരുന്നു.
കെട്ടിട നിര്‍മ്മാണത്തിന്റെയും വീട് വയ്ക്കുന്നതിന്റെയും മറവില്‍ മണ്ണ് നീക്കം ചെയ്യുന്നതിനായുളള ട്രാന്‍സിറ്റ് പാസ്/പെര്‍മിറ്റ് നേടിയെടുത്ത ശേഷം ഈ പാസ്സുകള്‍ ദുരുപയോഗം ചെയ്ത് അനുവദനീയമായ പരിധിക്ക് പുറത്തും അളവില്‍ കൂടുതലുമായ മണ്ണ് അനധികൃതമായി ഖനനം ചെയ്ത് മാറ്റുന്നതും, കുന്നുകളും മലകളും ഇടിച്ച് നിരത്തി ഭൂമിയുടെ സ്വാഭാവിക രൂപം മാറ്റി റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ച് വരുന്നതുമായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. മൈനിംഗ് & ജിയോളജി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയും പ്രതിഫലം കൈപ്പറ്റിയും നിയമവിരുദ്ധമായി പാസ്/പെര്‍മിറ്റ് അനുവദിക്കുന്നതും, ഇടനിലക്കാരുടെയും മണ്ണ് മാഫിയ സംഘങ്ങളുടെയും സഹായത്തോടെ അനധികൃത ഖനന-ഗതാഗത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണമില്ലാതെ തുടരുന്നതായുമാണ് വിജിലന്‍സിന് ലഭിച്ച വിവരം.
കെട്ടിട നിര്‍മ്മാണത്തിനായി അനുവദിക്കുന്ന മിനറല്‍ ട്രാന്‍സിറ്റ് പാസുകളും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും അനുവദിക്കുന്ന ഡെവലപ്പ്‌മെന്റ് പെര്‍മിറ്റുകളും ദുരുപയോഗം ചെയ്ത് വ്യാപകമായി മണ്ണ് കടത്തല്‍ നടന്നു വരുന്നതായും, ഈ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നതിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും മന:പൂര്‍വ്വം വിട്ട് നില്‍ക്കുന്നത് വഴി സര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
വിജിലന്‍സിന് ലഭിച്ച ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സാധാരണ മണ്ണിന്റെ ഖനനവും നീക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികളും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് ന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ 14 ജില്ലാ മൈനിംഗ് & ജിയോളജി ഓഫീസുകളിലും തിരഞ്ഞെടുത്ത 58 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ആകെ 72 ഓഫീസുകളിലും, അനധികൃതമായി മണ്ണ് നീക്കം ചെയ്യപ്പെട്ടതായി വിവരം ലഭിച്ച സ്ഥലങ്ങളിലും ഇന്ന് (20.04.2026) രാവിലെ 10.30 മണി മുതല്‍ ''ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്'' എന്ന പേരില്‍ സംസ്ഥാനതലത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി വരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.