ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ നിർത്തലാക്കാൻ ഉത്തരവ്


പാലക്കാട്: ജില്ലയിൽ തുടരുന്ന കടുത്ത ചൂട് സാഹചര്യത്തിൽ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെ), കോച്ചിംഗ് സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ ഇന്ന് (ഏപ്രിൽ 20) മുതൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ കലക്ടർ പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദേശം.

ജില്ലയിൽ നിലവിൽ താപനില 40.1 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കുകയാണ്. ഫീൽഡ് ടെംപറേച്ചർ 45 ഡിഗ്രി വരെ അനുഭവപ്പെടുന്നതായും ഉയർന്ന UV ഇൻഡക്സ് കാരണം ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണെന്നും വിലയിരുത്തി. ക്ലാസ് മുറികളിലെ താപനിലയും വെന്റിലേഷൻ സൗകര്യങ്ങളുടെ കുറവും പരിഗണിച്ചാണ് നടപടി. താപനില 37 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ അതിൽ താഴെ രണ്ട് തുടർച്ചയായ ദിവസങ്ങളിൽ രേഖപ്പെടുത്തിയാൽ മാത്രമേ ഉത്തരവ് പിൻവലിക്കൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. Google Classroom, Microsoft Teams, Zoom പോലുള്ള അംഗീകൃത പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ക്ലാസുകളും പരീക്ഷകളും ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങൾ തുടരാം. ഒരു വിദ്യാർത്ഥിക്കും പഠനനഷ്ടം സംഭവിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഒഴിവാക്കാനാകാത്ത പരീക്ഷകളും പ്രാക്ടിക്കൽ ക്ലാസുകളും ചെറിയ ബാച്ചുകളായി, രണ്ട് മണിക്കൂറിൽ കൂടാത്ത സമയംകൊണ്ട്, മതിയായ വെന്റിലേഷനും കുടിവെള്ളവും ORS ലായനിയും ഉറപ്പാക്കി നടത്താവുന്നതാണ്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് നിർദേശം നൽകിയിട്ടുണ്ട്.

ഹോസ്റ്റലുകളിലും റെസിഡൻഷ്യൽ സ്ഥാപനങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് ശുദ്ധജലം, ശീതീകരണ സൗകര്യങ്ങൾ, മെഡിക്കൽ സഹായം എന്നിവ ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സഹായത്തിനായി 1077 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം