കരിങ്കൊടി പ്രതിഷേധം:കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും;ഗൺമാൻ്റെ പരാതിക്ക് വിരുദ്ധമായി മന്ത്രി വീണാജോർജിൻ്റെ മൊഴി

കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമത്തിന് ശ്രമിച്ചെന്ന കേസില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മൊഴി പുറത്ത്. കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്നാണ് വീണാ ജോര്‍ജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു ഗണ്‍മാന്റെ പരാതി. കഴിഞ്ഞ ദിവസമാണ് മന്ത്രി വിശദമായ മൊഴി നല്‍കിയത്. ഈ മൊഴിയിലാണ് പരാതിയില്‍ നിന്നും വിരുദ്ധമായ കാര്യങ്ങളുള്ളത്.

കേസില്‍ പൊലീസ് എടുത്ത എഫ്ഐആറിന് വിരുദ്ധമായായിരുന്നു പൊലീസുകാരും മൊഴി നല്‍കിയത്. കെഎസ്യു പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥരും മൊഴി നല്‍കിയത്. ഗ്രേഡ് എസ്ഐ പ്രകാശ്, എസ്ഐ അനുരൂപ്, സിപിഒ അഖില്‍ എന്നിവരാണ് കെഎസ്യു പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ല എന്ന് മൊഴി നല്‍കിയത്.

ഫെബ്രുവരി 25നായിരുന്നു വീണാ ജോര്‍ജ്ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു. പിന്നാലെ മന്ത്രിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപക വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് പറ്റിക്കേറ്റിട്ടില്ല എന്നും അഭിനയമാണ് എന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. എന്നാല്‍ മന്ത്രിയെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കള്‍ പ്രതികരിച്ചത്. മാരക ആയുധവുമായി ആക്രമിച്ചെന്നാണ് എഫ്‌ഐആര്‍.

കേസില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് അതുല്‍ എംസി, അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്‍, മുബാസ് സി അച്ച്, അഹമ്മദ് യാസീന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. നിലവില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ജാമ്യത്തിലാണ്. കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം