കൂറ്റനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി കാൻഡിഡേറ്റ്’ പരിപാടിയിൽ പങ്കെടുത്ത നാല് സ്ഥാനാർത്ഥികളും വികസന വിഷയങ്ങളിലൂന്നിയ ചർച്ചകൾക്ക് പ്രാധാന്യം നൽകിയതു ശ്രദ്ധേയമായി. തൃത്താല നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം ചൂടുപിടിക്കുന്ന ഘട്ടത്തിലാണ് പരിപാടി നടന്നത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി രാജേഷ്, യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം, എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ഷഹീർ ചാലിപ്പുറം എന്നിവർ പ്രചാരണ തിരക്കിനിടയിൽ സമയം കണ്ടെത്തി പരിപാടിയിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സ്ഥാനാർത്ഥികൾ തുറന്ന നിലപാടുകൾ പങ്കുവച്ചു.
മന്ത്രി കൂടിയായ എം.ബി രാജേഷ് കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളും അടുത്ത കാലയളവിലേക്കുള്ള പദ്ധതികളും വിശദീകരിച്ചു. സുസ്ഥിര തൃത്താല, എൻലൈറ്റ് സ്കോളർഷിപ്പ്, അൻപോട് തൃത്താല തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും അദ്ദേഹം അവതരിപ്പിച്ചു.
വി.ടി. ബൽറാം ഭരണപക്ഷത്തും പ്രതിപക്ഷത്തും പ്രവർത്തിച്ച അനുഭവങ്ങൾ ചൂണ്ടിക്കാട്ടി വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു. വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ തൃത്താലയിൽ അടിസ്ഥാന വികസനം പിന്നാക്കമാണെന്ന് ആരോപിച്ചപ്പോൾ, ഷഹീർ ചാലിപ്പുറം ബദൽ രാഷ്ട്രീയവും വികസന കാഴ്ചപ്പാടുകളും മുന്നോട്ട് വച്ചു.
മാധ്യമപ്രവർത്തകരായ ടി.വി.എം. അലി, സി. മൂസ പെരിങ്ങോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടി സംഘടിപ്പിച്ച പ്രസ് ക്ലബിനെ നാല് സ്ഥാനാർത്ഥികളും അഭിനന്ദിച്ചു.
