
ചാലിശ്ശേരി: ചാലിശ്ശേരി പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായിരുന്ന സി.പി. ചന്ദ്രന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ സെന്ററിൽ നടന്ന യോഗത്തിൽ കെ.പി.സി.സി. നിർവാഹ സമിതി അംഗം സി.വി. ബാലചന്ദ്രൻ മുഖ്യ അനുശോചന പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു.
ചെറുപ്പകാലം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന സി.പി. ചന്ദ്രൻ ഏവർക്കും പൊതുസമ്മതനും ആത്മാർത്ഥതയുടെ പ്രതീകവുമായിരുന്നു എന്ന് സി.വി. ബാലചന്ദ്രൻ പറഞ്ഞു. രണ്ട് പതിറ്റാണ്ടോളം കോൺഗ്രസ് വാർഡ് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം, തന്റെ നിലപാടുകൾ തുറന്ന് പറയുന്ന വ്യക്തിയുമായും ജാതി-മത ഭേദമന്യേ നാടിന്റെ പൊതുകാര്യങ്ങളിൽ ഇടപെടുന്ന പ്രവർത്തകനുമായും അറിയപ്പെട്ടിരുന്നു.
സി.പി.ഐ.എം. പ്രതിനിധി വേണു കുറുപ്പത്ത്, ബി.ജെ.പി. പ്രതിനിധി കെ.സി. കുഞ്ഞൻ, മുസ്ലിം ലീഗ് പ്രതിനിധി പി.ഐ. യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുനിൽകുമാർ, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ സേതു മംഗലത്ത്, പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, വാർഡ് മെമ്പർ ബാലൻ കരിമ്പനക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. ഷംസുദ്ദീൻ, മുൻ ഡെപ്യൂട്ടി കളക്ടർ രാജൻ പൊന്നുള്ളി, പി.എഫ്.എ. പ്രതിനിധി നന്ദകുമാർ, യുവധാര ക്ലബ്ബ് പ്രതിനിധി സവിനയ് പെരുമണ്ണൂർ എന്നിവർ അനുശോചിച്ചു.കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഗോപിനാഥ് കുറുപ്പത്ത് സ്വാഗതവും ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി നന്ദിയും പറഞ്ഞു.
അതേസമയം, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ, ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ എസ്.എം.കെ തങ്ങൾ, ബി.ജെ.പി. സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങി നിരവധി പ്രമുഖർ സി.പി. ചന്ദ്രന്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.