
സ്ഥാനാർത്ഥികളും നേതാക്കളും വിവിധ മുന്നണികളുടെ പ്രവർത്തകരും ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുമ്പോഴും സ്‌ട്രോങ്ങ് റൂമുകളിൽ ജനവിധി ശാന്തമായി സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം സുരക്ഷ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ നിദ്രവെടിഞ്ഞ് കാവലിലാണ്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷയ്ക്ക് ജില്ലയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അകത്തേത്തറ എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലാണ് ജില്ലയിലെ ജനവിധി സൂക്ഷിച്ചിരിക്കുന്നത്. ഗസറ്റഡ് ഓഫീസർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂർ നിരീക്ഷണ സംവിധാനവും സജ്ജമാണ്. ഏകദേശം 150ഓളം ഉദ്യോഗസ്ഥരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
ഓരോ കേന്ദ്രത്തിലും പൊലീസ് സേനയ്‌ക്കൊപ്പം ഗസറ്റഡ് ഓഫീസർമാരും നിശ്ചിത സമയക്രമത്തിൽ കാവൽ ചുമതല നിർവഹിക്കും. സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിക്കൽ, സന്ദർശക രജിസ്റ്റർ സൂക്ഷിക്കൽ, സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കൽ എന്നിവയാണ് പ്രധാന ചുമതലകൾ. ഏപ്രിൽ 9 മുതൽ മെയ് 3 വരെ രണ്ട് ഷിഫ്റ്റുകളിലായാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിൽ തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളുടെയും, അകത്തേത്തറ എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജിൽ കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളുടെയും, പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ.