
പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാര്‍ഡിലെ ഓക്സിജന്‍ പര്‍ക്കിന്റെയും ഫാം ടൂറിസത്തിന്റെയും ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ഓര്‍ച്ചാര്‍ഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ഉപകാരമാകുമെന്നും ജിവിത നിലവാരം മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ഫാം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പ്രചാരം നല്‍കാനുള്ള വിപണനകേന്ദ്രങ്ങള്‍, ആമ്ഫി തീയറ്റര്‍, ഏറുമാടങ്ങള്‍, വാക്ക് വേ, കുട്ടികളുടെ പാര്‍ക്ക്, കഫേ തുടങ്ങി വൈവിധ്യമാര്‍ന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി രാമദാസ് മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി വിജയന്‍, കെ പി മണി, നീലടി സുധാകരന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.