കർഷകർക്കായി സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും: വി.ടി. ബൽറാം


കൂറ്റനാട്: നെല്ല് സംഭരണത്തിലെ ആവർത്തിച്ചുള്ള വീഴ്ചകൾ സർക്കാരിന്റെ കർഷകദ്രോഹത്തിന്റെ തെളിവാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം അഭിപ്രായപ്പെട്ടു. തൃത്താല മണ്ഡലത്തിലെ പരുതൂരും കപ്പൂരും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും നെല്ല് സംഭരണം പൂർത്തിയായിട്ടില്ല. എടുത്ത നെല്ലിന് പി.ആർ.എസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ വലിയ കാലതാമസം നേരിടുന്നതായും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ മന്ത്രി എം.ബി. രാജേഷ് അടക്കമുള്ളവർ കപടനാടകം ആടുകയാണെന്നും ബൽറാം ആരോപിച്ചു.

കേന്ദ്ര സർക്കാരിന്റെ ഉത്പാദന ബോണസ് ഇല്ലാതാക്കാനുള്ള നീക്കം കർഷകർക്ക് ഇരട്ടി പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനച്ചെലവും അമ്പത് ശതമാനം ലാഭവും ചേർത്ത് താങ്ങുവില നിശ്ചയിക്കണമെന്ന് ശുപാർശ ചെയ്യുന്ന സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് അടുത്ത യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂറ്റനാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ടി.കെ. സുനിൽകുമാർ, തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. വിനോദ്, ഡി.സി.സി ഭാരവാഹികളായ പി.വി. മുഹമ്മദ് അലി, പി. ബാലൻ, പി. മാധവദാസ്, പി.എ. വാഹിദ്, പി. ബാലകൃഷ്ണൻ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.പി. ശക്തി, കെ. ഷംസുദീൻ, വി. അബ്ദുള്ളകുട്ടി, ബാവ മാളിയക്കൽ, ഇ.വി. അസീസ്, ടി. സൈതലവി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എൻ. അംബിക, റംല വീരാൻകുട്ടി, കെ. ശശിരേഖ, ജയന്തി വിജയകുമാർ എന്നിവർ സംസാരിച്ചു. കൂറ്റനാട് സെന്ററിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം