
തൃത്താല: ആഗോള രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് വാണിജ്യ പാചകവാതക (എൽപിജി) ക്ഷാമം രൂക്ഷമാകുന്നു. അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സാഹചര്യങ്ങളുടെ ഭാഗമായി പാചകവാതക വിതരണം ബാധിച്ചതോടെ കേരളത്തിലും വ്യാപകമായി എൽപിജി ലഭ്യത കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ സംസ്ഥാനത്തെ നിരവധി ഹോട്ടലുകളും റസ്റ്റോറന്റുകളും താൽക്കാലികമായി പ്രവർത്തനം നിർത്തേണ്ട അവസ്ഥയിലായിട്ടുണ്ട്.
തൃത്താല മേഖലയിലെ കൂറ്റനാട് ഉൾപ്പെടെയുള്ള പ്രധാന ടൗണുകളിലും ചെറുകിട ഭക്ഷണശാലകളിലും എൽപിജി സിലിണ്ടർ ലഭിക്കാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. പല സ്ഥാപനങ്ങളും ആവശ്യമായ സിലിണ്ടർ ലഭിക്കാത്തതിനാൽ താൽക്കാലികമായി അടച്ചിടേണ്ടി വന്നതായി ഹോട്ടൽ ഉടമകൾ പറയുന്നു.
അതേസമയം തമിഴ്നാട്ട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ ഏജൻസികൾ മുഖേന ഉയർന്ന വിലയ്ക്ക് സിലിണ്ടർ വിൽപ്പന നടക്കുന്നതായും ആരോപണം ഉയരുന്നു. മുമ്പ് ഏകദേശം 1850 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു വാണിജ്യ സിലിണ്ടർ ഇപ്പോൾ ചില സ്വകാര്യ ഏജൻസികൾ 4000 രൂപ വരെ ഈടാക്കുന്നതായി ഹോട്ടൽ ഉടമകൾ പറയുന്നു. ഉയർന്ന വില നൽകിയാലും ആവശ്യത്തിന് സിലിണ്ടർ ലഭ്യമല്ലെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.