
പറക്കുളം നയ്യൂർ പാടശേഖരത്തിൽ കെട്ടിവച്ചിരുന്ന വൈക്കോൽ സാമൂഹിക വിരുദ്ധർ കത്തിച്ചു നശിപ്പിച്ചു. പറക്കുളം പാക്കിനിയകത്ത് സ്വദേശിയായ നാസറിന്റെ വൈക്കോൽ കെട്ടുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തീ വെച്ച് നശിപ്പിച്ചത്.
വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിനായി കൂട്ടിവച്ചിരുന്ന 15ൽ അധികം വൈക്കോൽ കെട്ടുകളും അതിനോടൊപ്പം ഉണ്ടായിരുന്ന മറ്റ് അഞ്ചിലധികം കെട്ടുകളുമാണ് തീപിടിച്ച് നശിച്ചത്. സംഭവത്തിൽ കർഷകനായ നാസറിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി പറയുന്നു.
വൈക്കോൽ വിറ്റാണ് പലപ്പോഴും കർഷകർക്ക് ചെറിയ വരുമാനം ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം ക്രൂരകൃത്യം കർഷകർക്ക് വലിയ തിരിച്ചടിയായതായി നാട്ടുകാർ പറയുന്നു. പാടശേഖരത്തിൽ കൃഷി ചെയ്ത നെല്ല് ഇതുവരെ കയറ്റിപ്പോയിട്ടില്ലെന്നും നാസർ അറിയിച്ചു. സംഭവത്തിൽ തൃത്താല പോലീസിൽ പരാതി നൽകിയിട്ടുണ്ട്.