തൃത്താല ഉപജില്ലയിൽ നിന്ന് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്


ചാലിശ്ശേരി: പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ സംസ്ഥാനത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുത്ത ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ പരിപാടി ഫെബ്രുവരി 13 വെള്ളിയാഴ്ച രാത്രി 8 മണിക്ക് KITE Victers ചാനലിൽ സംപ്രേഷണം ചെയ്യും.

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (Kerala Infrastructure and Technology for Education – KITE) സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷനിലാണ് സ്കൂൾ ഇടം നേടിയത്. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 85 സ്കൂളുകളിൽ ഒന്നാകാൻ ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് കഴിഞ്ഞത് ശ്രദ്ധേയമാണ്.

തൃത്താല ഉപജില്ലയിൽ നിന്നുള്ള ഏക സ്കൂളായ ചാലിശ്ശേരി ജി.എച്ച്.എസ്.എസ് തനതായ പ്രവർത്തനങ്ങൾ, പാഠ്യ–പാഠ്യേതര മികവുകൾ, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക പങ്കാളിത്തം, ഐ.ടി അധിഷ്ഠിത പഠനം, നൂതന പദ്ധതികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

ജനുവരി 9-ന് തിരുവനന്തപുരത്തെ KITE സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിംഗിൽ വിദ്യാർത്ഥികളായ കൃഷ്ണതീർത്ഥ് അനുപ്, അദ്രിനാഥ്, അനുശ്രീ, അമേലിയ സിജോ, ആരാധ്യ, ബ്രിന്ദ സന്തോഷ്, ശ്രേയ, നിരഞ്ജന എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് രജിഷ് കുമാർ, പ്രിൻസിപ്പാൾ ഡോ. സജീന ഷുക്കൂർ, ലിറ്റിൽ കൈറ്റ് മെന്റർ സന്തോഷ് ബാലകൃഷ്ണൻ എന്നിവർ ഉൾപ്പെടെ 11 പേർ സംഘത്തിലുണ്ടായിരുന്നു.

അടുത്ത ഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 21-ന് ഹരിത വിദ്യാലയം സ്റ്റേറ്റ് ടീം സ്കൂൾ സന്ദർശിച്ച് പ്രവർത്തനങ്ങളും മികവുകളും നേരിട്ട് വിലയിരുത്തി.പാഠപുസ്തകങ്ങൾക്കപ്പുറം സമഗ്ര വികസനത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന സ്കൂളിന്റെ ഈ നേട്ടം, നാളെയിലേക്കുള്ള അവരുടെ ആത്മവിശ്വാസത്തിന് പുതിയ പ്രകാശരേഖയാകുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം