സംസ്ഥാന സർക്കാർ, ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ കേരളം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹെൽത്തി കേരള കാമ്പയിൻ്റെ ഭാഗമായുള്ള "ഹെൽത്തി കേരള ഹെൽത്തി തൃത്താല" പരിപാടി ഫെബ്രുവരി 15 ഞായറാഴ്ച വൈകീട്ട് വെള്ളിയാങ്കല്ലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃത്താല നിയോജക മണ്ഡലത്തിലെ "ഹെൽത്തി കേരള, ഹെൽത്തി തൃത്താല" പരിപാടി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ ഭാഗമായി വൈകിട്ട് 5 മുതൽ തൃത്താല സെൻ്ററിൽ നിന്ന് വെള്ളിയാങ്കല്ല് വരെ ഹെൽത്തി വാക്ക് നടക്കും. തുടർന്ന് പുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കളരിപ്പയറ്റ് പ്രദർശനം ഉണ്ടാവും. കഴിഞ്ഞ 10 വർഷക്കാലയളവിൽ ആരോഗ്യ മേഖലയിൽ ആയുഷ് വകുപ്പ് നടത്തിയ ജനോപകാരപ്രദമായ മുന്നേറ്റങ്ങളുടെ പ്രദർശനം പരിപാടിയെ കൂടുതൽ ആകർഷകമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിൽ കേരള സർക്കാർ ആയുഷ് ഡിപ്പാർട്ട്മെന്റിൻ്റെയും നാഷണൽ ആയുഷ് മിഷൻ കേരളയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആരോഗ്യ മേഖലയിൽ വലിയ മാറ്റമാണ് തൃത്താല അസംബ്ലി മണ്ഡലത്തിൽ ഉണ്ടായതെന്നും അവർ പറഞ്ഞു.
ഇതിൻ്റെ ഭാഗമായുള്ള വൈബ് ഫോർ വെൽനസ് ക്യാമ്പയിൻ്റെ മണ്ഡലം തല ഉദ്ഘാടനം നാഗലശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് നടക്കും. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഡോ: ടി.വി നിഷയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം നിർവഹിക്കും. വാർത്താ സമ്മേളത്തിൽ തൃത്താല ഗവ.ആയുർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ.പി.കെ കൃഷ്ണദാസ്, ചാലിശ്ശേരി ഗവ.ആയുർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ.കെ. ആതിര, നാഗലശ്ശേരി ഗവ. ഹോമിയോ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. പി.എസ് ഷാജേഷ് എന്നിവർ പങ്കെടുത്തു.
