
കൂറ്റനാട്: മാധ്യമ പ്രവർത്തകരുടെ അവകാശ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പത്ര–ദൃശ്യ–ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു. കേരളത്തിലെ വിവിധ പത്ര–ദൃശ്യ മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർ നടത്തുന്ന അവകാശ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സമ്മേളനം കൂറ്റനാട് പ്രസ് ക്ലബ് ഹാളിൽ നടന്നു. സമ്മേളനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വർത്തമാന കാലത്ത് ലോക്കൽ വാർത്തകളാണ് ഗ്ലോബൽ വാർത്തകളായി മാറുന്നതെന്നും, സാങ്കേതിക മുന്നേറ്റങ്ങൾ എത്രയുണ്ടായാലും പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രസക്തി വർധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ കെ.ജി. സണ്ണി അധ്യക്ഷത വഹിച്ചു.
കെ.എം.പി.യു സ്ഥാപക നേതാവ് വി. സെയ്ദ്, എഡിൻവുഡ് ഇന്റർനാഷണൽ സ്കൂൾ എം.ഡി ഇ.വി. അബ്ദുൽ റഹ്മാൻ, തൃത്താല എസ്.ഐ ജെഫിൻ രാജു, കെ.എം.പി.യു ഭാരവാഹികളായ എ.സി. ഗീവർ ചാലിശ്ശേരി, എ.എ. ജോർജ്, സുരേഷ് വേലായുധൻ, എം.വി. ബേബി, പ്രദീപ് ചെറുവാശ്ശേരി, ഇസ്മായിൽ പെരുമണ്ണൂർ എന്നിവർ സംസാരിച്ചു. മാധ്യമ സെമിനാറിൽ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി.വി.എം. അലി, മാതൃഭൂമി ലേഖകൻ സി. മൂസ പെരിങ്ങോട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പ്രതിനിധി സമ്മേളനം, റിപ്പോർട്ട് അവതരണം, ചർച്ച, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടന്നു.
സമാപന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ കാലഘട്ടത്തിൽ പ്രാദേശിക പത്രപ്രവർത്തകർക്ക് നിർണായക പങ്കുണ്ടെന്നും, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ പ്രാദേശിക മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഉത്തരേന്ത്യയിൽ ചില പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചാലിശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ടി. അരവിന്ദാക്ഷൻ, ബാബു ആനക്കര, എസ്.എം. അൻവർ, ഉമാശങ്കർ എഴുമങ്ങാട്, വീരാവുണ്ണി മുള്ളത്ത്, വി.എം. സുലൈമാൻ, ശ്രീധരൻ, സംസ്ഥാന സമിതി അംഗം പി.പി. സുനീറ, മലപ്പുറം ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവന്നൂർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: എ.എ. ജോർജ് (പ്രസിഡന്റ്) കെ.ജി. സണ്ണി (സെക്രട്ടറി) പ്രദീപ് ചെറുവാശ്ശേരി (ട്രഷറർ) സി. മൂസ (രക്ഷാധികാരി) ഇവരടങ്ങുന്ന 15 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.