കൂറ്റനാട് ടൗൺ വികസനത്തിന് 13 കോടി രൂപ കൂടുതൽ അനുവദിച്ച് സംസ്ഥാന സർക്കാർ


കൂറ്റനാട് ടൗൺ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലിനും സിവിൽ വർക്കുകൾക്കും വേണ്ടിയുള്ള പുതുക്കിയ ഭരണാനുമതി ഉത്തരവ് പുറത്തിറങ്ങി. പദ്ധതിക്കായി ആകെ 26.8 കോടി രൂപ വകയിരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ 13.8 കോടി രൂപ സിവിൽ വർക്കുകൾക്കും 13 കോടി രൂപ സ്ഥലം ഏറ്റെടുക്കലിനുമാണ് അനുവദിച്ചിരിക്കുന്നത്.

തൃത്താല നിയോജകത്തിലെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായ കൂറ്റനാട് ടൗണിന്റെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റോഡ് വീതി വർധന, ഡ്രൈനേജ് സംവിധാനം മെച്ചപ്പെടുത്തൽ, പാർക്കിംഗ് സൗകര്യങ്ങൾ, നടപ്പാതകൾ എന്നിവ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയും വ്യാപാര പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം.

എന്നാൽ, പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനായി നിർണ്ണയിച്ച നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്ന ആക്ഷേപവുമായി കൂറ്റനാട് ടൗണിലെ ഭൂ ഉടമകളും കെട്ടിട ഉടമകളും രംഗത്തെത്തിയിരുന്നു. നിലവിലെ വിപണി വിലയെ അപേക്ഷിച്ച് അനുവദിച്ച തുക കുറവാണെന്നാണ് അവരുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടുതൽ ചർച്ചകൾ ആവശ്യമാണ് എന്ന നിലപാടും ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട ടൗണുകൾ നവീകരണത്തിന്റെ ഭാഗമായി തൃത്താല എംഎൽഎയും മന്ത്രിയുമായ എംബി രാജേഷിന്റെ ശ്രമഫലമായാണ് 2022 കൂറ്റനാട് ടൗൺ വികസന പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത്. പ്രസ്തുത ഉത്തരവിൽ 13.29 കോടി രൂപയുടെ അംഗീകാരമാണ് ലഭിച്ചിരുന്നത്. തുടർന്ന് നടത്തിയ ചർച്ചകളിലും മൂല്യനിർണയത്തിലുമാണ് കൂടുതൽ തുക പദ്ധതിക്ക് അനുവദിച്ചത്.       

പുതിയ ഭരണാനുമതി ഉത്തരവ് പുറത്തിറങ്ങിയതോടെ പദ്ധതി നടപ്പാക്കൽ നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും വ്യാപാരികളും. എന്നാൽ നഷ്ടപരിഹാര വിഷയത്തിൽ സമവായം ഉണ്ടാകുമോയെന്നത് ഇനി കാത്തിരിക്കേണ്ട കാര്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം