
പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാടേക്ക് വരുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പള്ളിപ്പുറം റെയിൽവേ സ്റ്റേഷനിൽ കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരുമ്പോഴുള്ള സിഗ്നലിന് സമീപമാണ് പാളം തെറ്റിയത്.
സംഭവത്തെ തുടർന്ന് നാല് ട്രെയിനുകളുടെ സർവീസ് താൽക്കാലികമായി തടസ്സപ്പെട്ടു. അപകടവിവരം അറിഞ്ഞതോടെ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനയും തുടർ നടപടികളും ആരംഭിച്ചു.
ട്രെയിനിലെ സാങ്കേതിക പ്രശ്നം പരിഹരിച്ച് സമീപത്തെ ഒഴിഞ്ഞ ട്രാക്കിലേക്ക് മാറ്റിയതോടെ ലൈൻ ക്ലിയർ ചെയ്തു. ഈ ട്രാക്കിലൂടെ സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ പാളം തെറ്റിയ ഗുഡ്‌സ് ട്രെയിന്റെ സർവീസ് വീണ്ടും ആരംഭിക്കൂ.